ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഇഡ്‌ലി കടൈ’ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പുറത്ത്. ഒക്ടോബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് ധനുഷ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 10ന് ആയിരുന്നു നേരത്തെ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ക്കൊപ്പം ക്ലാഷ് ആവുന്നതിനാല്‍ സിനിമയുടെ റിലീസ് ഒക്ടോബറിലേക്ക് മാറ്റിയിരിക്കുകയാണ്.
നേരത്തെ അജിത്ത് ചിത്രം ‘വിടാമുയര്‍ച്ചി’യുമായി ക്ലാഷ് ആവാതിരിക്കാന്‍ ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്ക് എന്‍മേല്‍ എന്നടി കോപം’ എന്ന ചിത്രത്തിന്റെ റിലീസും മാറ്റി വച്ചിരുന്നു. ഫെബ്രുവരി 6ന് അജിത്ത് ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ ഫെബ്രുവരി 21ന് ആണ് ധനുഷ് തന്റെ സിനിമ റിലീസ് ചെയ്തത്. ഇഡ്‌ലി കടൈയ്ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു.
Idli kadai #oct1 pic.twitter.com/9EkllemSPt
— Dhanush (@dhanushkraja) April 4, 2025
എന്നാല്‍ അജിത്ത് ചിത്രവുമായി ക്ലാഷ് ഒഴിവാക്കിയെങ്കിലും മറ്റൊരു വമ്പന്‍ ചിത്രത്തിനൊപ്പമാണ്് ഇഡ്‌ലി കടൈ എത്തുന്നത്. ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര: ചാപ്റ്റര്‍ 1’ ഒക്ടോബറിലാണ് റിലീസ് ചെയ്യുന്നത്. ഇഡ്‌ലി കടൈ ഒക്ടോബര്‍ ഒന്നിന് തിയേറ്ററിലെത്തുമ്പോള്‍ പിന്നാലെ ഒക്ടോബര്‍ 2ന് കാന്താരയും തിയേറ്ററിലെത്തും. പാന്‍ ഇന്ത്യന്‍ ചിത്രമായ കാന്താര എത്തുമ്പോള്‍ ഇഡ്‌ലി കടൈയ്ക്ക് ബോക്‌സ് ഓഫീസില്‍ തിരിച്ചടി ലഭിക്കാനും സാധ്യതയേറെയാണ്.
അതേസമയം, ധനുഷിന്റെ കരിയറിലെ 52-ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് റിലീസിനൊരുങ്ങുന്ന ഇഡ്ലി കടൈ. ചിത്രത്തില്‍ അരുണ്‍ വിജയ്യും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘തിരുച്ചിത്രമ്പല’ത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇഡ്‌ലി കടൈ. ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ഇഡ്‌ലി കടൈ നിര്‍മ്മിക്കുന്നത്.