ഞാന്‍ കുറച്ച് ഹോക്കിയും കളിച്ചു, ആ ഷോട്ടിന് പിന്നിലുളള രഹസ്യം ഇത്, ഗുജറാത്തിന്റെ 15 കോടി കളിക്കാരന്റെ വെളിപ്പെടുത്തല്‍

കഴിഞ്ഞ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട ജോസ് ബട്‌ലര്‍ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ രക്ഷകനാവുന്ന കാഴ്ചയാണ് കാണാനാവുന്നത്. ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 39 പന്തില്‍ 73 റണ്‍സ് നേടിയ ബട്‌ലറുടെ കരുത്തിലാണ് ഗുജറാത്ത് ജയിച്ചുകയറിയത്. അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെയുളള വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു ബട്‌ലര്‍ പുറത്തെടുത്തത്. താരത്തിന് പിന്തുണയുമായി സായി സുദര്‍ശനും(49), ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ടും (30) ഒപ്പം നിന്നതോടെ ബെംഗളൂരുവിന്റെ വിജയകുതിപ്പിന് വിരാമമിടുകയായിരുന്നു ഗുജറാത്ത്.

ബട്‌ലറുടെ ചില കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകള്‍ തന്നെയായിരുന്നു ആരാധകര്‍ക്ക് വലിയ കാഴ്ചവിരുന്നായത്. അതേസമയം തന്റെ റാമ്പ് ഷോട്ടുകളെ കുറിച്ച് മനസ് തുറന്ന് എത്തിയിരിക്കുകയാണ് ബട്‌ലര്‍. യോര്‍ക്കര്‍ മാത്രമല്ലാതെ, എല്ലാ ബോളുകളും അടിച്ചുപറത്താന്‍ റാമ്പ് ഷോട്ടുകള്‍ താന്‍ പ്രത്യേക പരിശീലിക്കാറുണ്ടെന്ന് ബട്‌ലര്‍ പറയുന്നു. അതുകൊണ്ടാണ് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാനായത്. 360 ഡിഗ്രിയിലുളള ബാറ്റിങ് ബട്‌ലര്‍ പ്രധാനമായും കാഴ്ചവച്ചത് ആര്‍സിബിക്കെതിരെയായിരുന്നു.

18ാം ഓവറില്‍ ജോഷ് ഹെസല്‍വുഡിന്റെ പന്ത് റോപ്‌സിന്റെ മുകളിലൂടെ സിക്‌സര്‍ പറത്തിയത് ഇത്തരമൊരു റിവേഴ്‌സ് റാംപ് ഷോട്ടിലൂടെയായിരുന്നു. ഞാന്‍ കുറച്ച് ഹോക്കിയും കളിച്ചു. പക്ഷേ ഇല്ല, എനിക്ക് തോന്നുന്നത് ഇത് വെറുമൊരു ക്രിക്കറ്റ് ഷോട്ടാണ്. അത് പരിണമിച്ചുവന്നതാണ്. എതിരെ വന്ന പന്ത് മൈതാനത്ത് ഒരു വലിയ വിടവിലേക്ക് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു. ഒരു ബോളര്‍ക്ക് ഏറിയാന്‍ കഴിയുന്ന ഓരോ പന്തും എനിക്ക് എങ്ങനെ കളിക്കാമെന്ന് ഞാന്‍ എപ്പോഴും പഠിക്കാന്‍ ശ്രമിച്ചിരുന്നു. അതിനാല്‍ ഞാന്‍ ഒരു യോര്‍ക്കറിനെ മാത്രം ആശ്രയിക്കുകയായിരുന്നില്ല, ജോസ് ബട്‌ലര്‍ പറഞ്ഞു