ഒരു ജീവന് വേണ്ടി പൈലറ്റ് വാഹനത്തിന് മുന്നിലേക്ക് ഇരുകൈകളും വീശി വന്ന സ്ത്രീ; വനിതാ പോലീസുകാരിയെക്കുറിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ ; കുറിപ്പ്

വാഹനാപകടത്തില്‍ ജീവന് വേണ്ടി പിടഞ്ഞ യുവാവിനെ രക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങിയ കൊടുമണ്‍ സ്റ്റേഷനിലെ സിപിഒ പ്രിയ ലക്ഷ്മിയെ അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. കഴിഞ്ഞ ദിവസം രാത്രി പ്രിയ ലക്ഷ്മി സഹായത്തിനായി കൈ വീശിയത് മന്ത്രി റോഷി അഗ്‌സറ്റിന്റെ വാഹനത്തിന് മുന്നിലായിരുന്നു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

തിരുവനന്തപുരത്തേക്ക് വരും വഴി രാത്രി ഒമ്പത് മണിയോടെ അടൂര്‍ തട്ട പത്തനംതിട്ട റോഡില്‍ പോത്രാടിനു സമീപം എത്തിയപ്പോള്‍ പൈലറ്റ് വാഹനത്തിനു മുന്നിലേക്ക് ഒരു യുവതി ഇരുകൈകളും വീശി വന്നു. വണ്ടികള്‍ നിര്‍ത്തിയ ഉടന്‍ അവര്‍ പരിഭ്രമിച്ച് ഓടിയെത്തി. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ അപകടത്തില്‍പ്പെട്ടു കിടക്കാന്‍ തുടങ്ങിയിട്ട് പത്തു മിനിറ്റോളം ആയെന്നും അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.

ബൈക്കപടകത്തില്‍ പെട്ട ആള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ എന്നാണ് അവരുടെ പരിഭ്രമം കണ്ടപ്പോള്‍ കരുതിയത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പൈലറ്റ് വാഹനത്തിലെ പൊലീസുകാരെ ചുമതലപ്പെടുത്തി. അവര്‍ ഉടന്‍ തന്നെ അടൂര്‍ ഗവ. ആശുപത്രില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പിന്നീടാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ സ്ത്രീയോടു സംസാരിക്കുന്നത്. കൊടുമണ്‍ സ്റ്റേഷനിലെ സിപിഒ പ്രിയ ലക്ഷ്മിയാണ് അപകടത്തില്‍പ്പെട്ട ആളെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്. അടൂര്‍ പോത്രാട് സ്വദേശിനി. ഭര്‍ത്താവ് റാന്നി കെഎസ്എഫ്ഇ ജീവനക്കാരനാണ്.

Read more

പലരും കാഴ്ചക്കാരായി നിന്നപ്പോള്‍ പ്രിയലക്ഷ്മി അതുവഴി വന്ന വാഹനങ്ങള്‍ക്ക് കൈനീട്ടുകയായിരുന്നു. പലരും നിര്‍ത്താന്‍ പോലും തയാറായില്ലെന്ന് വേദനയോടു കൂടിയാണ് അവര്‍ പറഞ്ഞത്. കണ്‍മുന്നില്‍ ഒരാള്‍ പ്രാണനു വേണ്ടി യാചിക്കുമ്പോള്‍ അതു കണ്ടില്ലെന്നു നടിച്ചു പോകാന്‍ അവര്‍ തയാറായില്ല. പ്രിയലക്ഷ്മിയോട് ഏറെ ബഹുമാനം തോന്നി.യുവാവിനെ ഇടിച്ചു വീഴ്ത്തിയ വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. തങ്ങളും കേസില്‍ ഉള്‍പ്പെടും എന്നു ഭയന്നാകും പിന്നാലെ എത്തിയ പലരും അപകടത്തില്‍പ്പെട്ടയാളെ തിരിഞ്ഞു പോലും നോക്കാതെ കടന്നു പോയത്. ഈ മനോഭാവം മാറേണ്ടതാണ്. 10 മിനിറ്റോളം യുവാവ് വഴിയില്‍ കിടന്നു എന്നാണ് പ്രിയ ലക്ഷ്മി പറഞ്ഞത്. ആ സമയം കൊണ്ട് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ആ യുവാവിന്റെ ജീവന്‍ രക്ഷപ്പെടുമായിരുന്നു. ഒരു കുടുംബത്തിന്റെ ആശ്രയം അറ്റുപോകില്ലായിരുന്നു.
രണ്ടാഴ്ച മുന്‍പ് മണ്ഡലത്തിലേക്ക് പോകും വഴി തിരുവനന്തപുരത്ത് യുവതി അപകടത്തില്‍ പെട്ടതിനും സാക്ഷിയായി. റോഡുകള്‍ കുരുതിക്കളം ആകാതിരിക്കാന്‍ നമ്മുക്കും അല്‍പം ജാഗ്രത പുലര്‍ത്താം. അപകടത്തില്‍പ്പെട്ടയാളെ കണ്ടിട്ട് മുഖം തിരിച്ചു പോകാതിരിക്കാന്‍ നമ്മുക്ക് ശീലിക്കാം.