'വില ഉയര്‍ത്തല്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തും'; തലശ്ശേരി രൂപത ആസ്ഥാനത്ത് കേന്ദ്ര റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍; ബിഷപ്പുമായി ചര്‍ച്ചകള്‍

റബര്‍ വില സംബന്ധിച്ച് തലശ്ശേരി രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉയര്‍ത്തിയ വിഷയങ്ങള്‍ പരിഗണിച്ച് റബര്‍ ബോര്‍ഡ്. കേന്ദ്ര റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ഉണ്ണികൃഷ്ണന്‍ തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി.

ഉയര്‍ത്തിയത് കരുതലിന്റെ രാഷ്ട്രീയമാണെന്ന് അദേഹം പറഞ്ഞു. ബിഷപ്പ് ഉന്നയിച്ച ആശങ്ക കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. റബ്ബര്‍ വിലയിടിവുമായി ബന്ധപ്പെട്ട ബിഷപ്പിന്റെ ആശങ്കകള്‍ ഗൗരവമായി കാണുന്നുവെന്നും കെ എം ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു എംപിയില്ല എന്ന വിഷമം മാറ്റിത്തരുമെന്ന ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്റെ കൂടിക്കാഴ്ച. കേന്ദ്ര സര്‍ക്കാരും ഇത്തരം കാര്യങ്ങള്‍ ?ഗൗരവമായി കാണുന്നുണ്ട്. പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കര്‍ഷകര്‍ക്ക് സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കെ എം ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Read more

ബിഷപ്പ് ഉയര്‍ത്തിയത് കരുതലിന്റെ രാഷ്ട്രീയമാണ്. സഭയുമായുള്ള ബന്ധം ഊഷ്മളമാക്കും. എന്‍ഡിഎക്ക് അനുകൂലമായ നിലപാടാണ് ബിഷപ് സ്വീകരിച്ചതെന്ന് കരുതുന്നുവെന്നും കെ എം ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഏപ്രിലില്‍ കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി സഭാ നേതൃത്വത്തിന് ഇക്കാര്യം ചര്‍ച്ചചെയ്യാനുള്ള അവസരം ഒരുക്കി നല്‍കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉയര്‍ത്തിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അദേഹം പറഞ്ഞു.