വയനാട്ടിൽ നിലവിൽ ഭൂമികുലുക്കത്തിന്‍റെ സൂചനയില്ല; വിശദമായി പരിശോധിച്ച് വരുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി, ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കും

വയനാട്ടില്‍ നിന്ന് ഭൂമി കുലുക്കത്തിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി. വിശദമായ പരിശോധന നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും നിലവില്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വലിയ രീതിയിലുള്ള കുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.

വയനാട്ടിലെ ചില മേഖലകളിൽ ഭൂമിക്കടയിൽ മുഴക്കവും കുലുക്കവും അനുഭപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു. ഭൂമികുലുക്കമെന്ന് സംശയമുള്ളതിനാൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് നിന്നും ആളുകളോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകി. അതേസമയം കോഴിക്കോടും പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുണ്ട്.

കുർച്യർമല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ ശബ്ദവും മുഴക്കവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. എടയ്ക്കലിൽ നിന്നും ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്കൂ‌ളുകൾ നേരത്തെ വിടുകയും ചെയ്‌തിട്ടുണ്ട്.