കോഴിക്കോട്ട് സമാപിച്ച മുജാഹിദ് സമ്മേളനത്തിനെതിരെ വിമര്‍ശനവുമായി സമസ്ത. മുജാഹിദുകള്‍ മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു സമ്മേളനം. സമസ്ത ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ എതിര്‍പക്ഷത്തുള്ളവരുടെ ആദര്‍ശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാടില്ല. അതുകൊണ്ടാണ് പാണക്കാട് തങ്ങന്മാര്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്. സമസ്ത ആരെയും വിലക്കിയിട്ടില്ലെന്നും നേതാക്കള്‍ കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും ഫാഷിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. എന്നാല്‍ അതിന്റെ വാക്താക്കളെ ഔദ്യോഗികമായി സ്വീകരിക്കുകയും അവരുടെ അജണ്ടകള്‍ക്ക് ന്യായീകരണം നടത്തുകയുമാണ് മുജാഹിദ് സമ്മേളനത്തിലൂടെ ചെയ്തത്. രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമം, കശ്മീര്‍ വിഷയം തുടങ്ങി ഫാഷിസ്റ്റ് അജണ്ടകളുടെ പ്രചാരകനായ അസ്ഗര്‍ അലി ഇമാം മഹ്ദി സലഫിയെ സമ്മേളനത്തിലെ പ്രധാന അതിഥിയായി കൊണ്ടുവന്നതും യാദൃശ്ചികമല്ലെന്നും സമസ്ത കുറ്റപ്പെടുത്തി.
Read more
മുസ്ലിം ലോകം ആധികാരികമായി കണക്കാക്കുന്ന ഇമാം ബുഖാരി(റ)യുടെ ഹദീസ് പോലും നിഷേധിക്കുന്ന നില വരെ സമ്മേളനത്തിലുണ്ടായി. മുജാഹിദ് വിഭാഗത്തില്‍ നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന ഭിന്നിപ്പുകള്‍ക്കിടയില്‍ ഇടക്കാലത്ത് ഒന്നിച്ചവര്‍ ചേര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ അവര്‍ക്കിടയിലെ ആശയ വൈരുധ്യങ്ങള്‍ പ്രകടമായതും അവരെത്തിപ്പെട്ട ദയനീയാവസ്ഥയാണ് ബോധ്യപ്പെടുത്തുന്നത്. ഇത്തരം സാഹചര്യത്തില്‍ സമസ്തയുടെ ആശയപ്രചാരണവും മതത്തിന്റെ പേരില്‍ വികലവീക്ഷണം പ്രചരിപ്പിക്കുന്നവരുടെ തനിനിറം വിശദീകരിക്കുന്നതായിരിക്കും സമ്മേളനം. മത വിശ്വാസികള്‍ക്കെതിരായ ലിബറല്‍ ആശയക്കാരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ പാഠ്യപദ്ധതികളിലും കലോത്സവങ്ങളിലും ഒളിച്ചു കടത്തുന്നതും ഇസ് ലാമോ ഫോബിയ പ്രചാരണങ്ങളും സമ്മേളനത്തില്‍ തുറന്ന് കാണിക്കുമെന്നും സമസ്ത വ്യക്തമാക്കി.