പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ തന്റെ തലയില്‍ ഉത്തരവാദിത്തം കെട്ടിവെക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സി കൃഷ്ണകുമാര്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടി എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. പാര്‍ട്ടിക്കെതിരെ താനുന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്തത് ഇതിന്റെ ഭാഗമാണെന്നും സന്ദീപ് പറയുന്നു. .
പാലക്കാട്ട് ബിജെപി ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തന്റെ ആത്മാഭിമാനത്തിനേറ്റ ആഘാതമാണ് വിഷയം. അത് പരിഹരിക്കാതെ പാപഭാരം അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താന്‍ പോയാലും ഒന്നുമില്ലെന്ന തരത്തില്‍ പറയുന്നവര്‍ അച്ചടക്കം പറഞ്ഞ് ഭയപ്പെടുത്തരുത്. നടപടിയെടുക്കേണ്ടത് തന്നെ അപമാനിച്ചവര്‍ക്കെതിരെയാണെന്നും അദേഹം പറഞ്ഞു.
നേതാക്കള്‍ രണ്ടു തട്ടിലാണെന്ന് സൂചിപ്പിച്ചും പ്രവര്‍ത്തകരെ മാനസികമായി പ്രയാസപ്പെടുത്തിയും കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചവരാണ് അച്ചടക്കലംഘനം നടത്തിയതെന്നും സന്ദീപ് ആരോപിച്ചു. രാഷ്ട്രീയമായി താന്‍ ഇപ്പോഴും ബിജെപിക്കാരനാണെന്നും ബിജെപി ആരുടെയും സ്വത്തല്ലെന്നും സന്ദീപ് വ്യക്തമാക്കി.
അതേസമയം, സന്ദീപ് വാര്യര്‍ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാട് തുടരാന്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനം. സന്ദീപ് രാഷ്ട്രീയ നിലപട് വ്യക്തമാക്കിയ ശേഷം അച്ചടക്ക നടപടിയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുത്താല്‍ മതിയെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ധൃതിപെട്ട് തീരുമാനം എടുത്താല്‍ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. സന്ദീപ് വാര്യറുമായി ഇനിയൊരു അനുരഞ്ജന നീക്കത്തിന് മുതിരില്ലന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
Read more
പാലക്കാട് മൂത്താന്‍തറയില്‍ തനിക്ക് ബന്ധുക്കള്‍ ഉണ്ടെന്ന സന്ദീപിന്റെ പ്രസ്താവന കൃഷ്ണകുമാറിനെ ലക്ഷ്യം വെച്ചന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അടുത്ത പുനസംഘടന വരെ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടും നേതൃത്വത്തിനുണ്ട്. എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ അനുരഞ്ജന നീക്കങ്ങള്‍ക്ക് ശേഷവും സന്ദീപ് നേതൃത്വത്തോട് ഇടഞ്ഞു തന്നെ നില്‍ക്കുകയാണ്.