നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് കോൺഗ്രസ് നേതാവ് ലതികാ സുഭാഷ്. മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനവും ലതികാ സുഭാഷ് രാജിവെച്ചു
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് ലതികാ സുഭാഷ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം ഇന്ദിരാഭവന് മുമ്പിലായിരുന്നു ലതികാ സുഭാഷിന്റെ പ്രതിഷേധം. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് പരിഗണന നൽകിയില്ലെന്ന് ലതികാ സുഭാഷ് ആരോപിച്ച്.
കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടിക ഒരു വനിത എന്ന നിലയിൽ ദുഖിപ്പിച്ചു. 20 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാ ജില്ലയിൽ നിന്നും ഒരു വനിത എന്ന നിലയിൽ 14 പേരെ എങ്കിലും ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിച്ചിരുന്നു. പാർട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഉൾപ്പെടുത്തിയില്ല എന്നും ലതികാ സുഭാഷ് പറഞ്ഞു.
Read more
വൈക്കത്തിന്റെ മരുമകളായ തന്നെ അവിടെ പോലും പരിഗണിച്ചില്ലെന്നും ഏറ്റുമാനൂർ സീറ്റ് താൻ ആഗ്രഹിച്ചിരുന്നെന്നും അത് കിട്ടിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. സീറ്റ് കിട്ടാൻ ബിന്ദു കൃഷ്ണയ്ക്ക് കണ്ണീരണിയേണ്ട അവസ്ഥയുണ്ടായെന്നും വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരിഗണിക്കണമെന്നും ലതികാ സുഭാഷ് പറഞ്ഞു. താൻ തിരുത്തൽശക്തിയായി തുടരുമെന്നും എന്നാൽ മറ്റൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.