എ.കെ ആന്റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ആള്‍, അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികള്‍ അനില്‍ എടുക്കരുത്: കെ. മുരളീധരന്‍

ബിബിസി ഡോക്യുമെന്ററിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ വിവാദ കുരുങ്ങി കോണ്‍ഗ്രസിലെ പദവികളെല്ലാം രാജിവച്ച അനില്‍ അന്റണിക്ക് ഉപദേശവുമായി മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. എ.കെ ആന്റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ആളാണെന്നും അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികള്‍ അനില്‍ എടുക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

വൈകാരികമായി എടുത്ത തീരുമാനം ആണെങ്കില്‍ അനില്‍ അത് തിരുത്തണമെന്നും ബിബിസി കാണിക്കുന്നത് സത്യമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിബിസി വിവാദത്തില്‍ കുരുങ്ങി കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ കണ്‍വീനര്‍ സ്ഥാനവും, എഐസിസി ഡിജിറ്റല്‍ സെല്ലിന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനവുമാണ് അനില്‍ രാജി വെച്ചത്.

ബിബിസി വിവാദത്തിനൊടുവില്‍, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് അനില്‍ ആന്റണി എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്. രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിട്ടതെന്നും അതും സഹിച്ച് അധികാരങ്ങളില്‍ തുടരേണ്ട ആവശ്യമില്ലെന്നുമാണ് അനിലിന്റെ നിലപാട്.

Read more

യോഗ്യതയേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനം. നേതൃത്വത്തിന് ചുറ്റമുള്ളത് അത്തരം സ്തുതിപാഠകരും ശിങ്കിടികളുമാണ്. ആ കൂട്ടമാണ് പാര്‍ട്ടിയെ നയിക്കുന്നത്. തന്റെ നിലപാടിനോട് പ്രതികരിച്ചത് കാപട്യക്കാരാണ്. നിഷേധ അന്തരീക്ഷം ബാധിക്കാതെ തന്റെ ജോലികള്‍ തുടരാനാണ് തീരുമാനമെന്നും രാജിക്കത്തില്‍ അനില്‍ വ്യക്തമാക്കിയിട്ടുണ്ട്..