സർക്കാർ സ്കോളർഷിപ്പിൽ ഗുരുതര ക്രമക്കേട്; ആത്മഹത്യയുടെ വക്കിലെന്ന് വിദ്യാർത്ഥിനി

വിദേശ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപിച്ച് വിദ്യാർത്ഥിനി. യു.കെയിലെ സസെക്സ് സർവകലാശാലയിലെ എം.എ സോഷ്യൽ ആന്ത്രോപോളജി വിദ്യാർത്ഥിനി ഹഫീഷ ടി ബിയാണ് പിന്നോക്ക വികസന വകുപ്പ് നൽകുന്ന ഒ.ബി.സി ഓവർസീസ് സ്കോളർഷിപ്പ് മാനദണ്ഡങ്ങൾ പാലിച്ചല്ല നൽകിയിരിക്കുന്നത് എന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നൂറ് ശതമാനം തനിക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന സ്കോളർഷിപ്പ് ലഭിക്കാത്തതിനെ തുടർന്ന് സാമ്പത്തികമായി വളരെ മോശപ്പെട്ട അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ഇതിനാൽ തന്നെ മാനസികമായി ഒരുപാടു വിഷമത്തിലാണെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നും ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിൽ ഹഫീഷ പറഞ്ഞു

മാർക്കും അക്കാദമിക്ക് മികവും പരിഗണിക്കാതെ കുടിയേറ്റത്തിനായി പഠിക്കാനെത്തിയ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകിയതെന്നും വിദ്യാർത്ഥിനി ആരോപിക്കുന്നു. ഓരോ വർഷവും ഓരോ രീതിയിൽ ഉള്ള മാനദണ്ഡങ്ങൾ ആണ് സർക്കാർ സ്കോളര്ഷിപ്പിനായി പറയുന്നതെന്നും ഹഫീഷ പറയുന്നു. സ്കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ ഉള്ള മാനദണ്ഡമല്ല സ്കോളർഷിപ്പ് ഫലം വന്നപ്പോൾ പറഞ്ഞിരിക്കുന്നത്. ഇതിൽ രണ്ട് പി.ജി ഉള്ളവരെ സ്കോളർഷിപ്പ് യോഗ്യതയിൽ നിന്നും ഒഴിവാക്കിയതായി പറഞ്ഞിരിക്കുന്നു. ഇത് നേരത്തെ എവിടെയും പരാമർശിക്കാത്ത മാനദണ്ഡമാണ്. സ്കോളർഷിപ്പ് മെറിറ്റ് മാനദണ്ഡത്തെ കുറിച്ചറിയാൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ തനിക്ക് മറുപടി കിട്ടിയത് രണ്ട് മാസത്തിനു ശേഷമാണ് എന്നും ഹഫീഷ വീഡിയോയിൽ പറയുന്നു.

Read more

ഹഫീഷ തന്റെ പ്ലസ് ടു പഠനം കുന്നംകുളം ഗേൾസ് സ്കൂളിൽ നിന്നും 94 ശതമാനം മാർക്കോടെയാണ് പൂർത്തിയാക്കിയത്. അതിനു ശേഷം ഐച്ഛിക വിഷയമായി ജർണലിസം പഠിക്കാൻ ഗവണ്മെന്റ് കോളജ് കൽപറ്റയിൽ ചേരുകയും ഇവിടെ നിന്നും 84 ശതമാനം മാർക്കോടെ കാലിക്കറ്റ് സർവകലാശാലയിൽ അഞ്ചാം റാങ്കോടെ പാസാകുകയും ചെയ്തു. തുടർന്ന് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പി.ജി ചെയ്തു. പിന്നീട് നെറ്റ് പരീക്ഷ പാസ്സായി. ശേഷം കാസർഗോഡ് ഗവണ്മെന്റ് കോളജിൽ ഒരു വർഷം ഗസ്റ്റ് ലെക്ചർ ആയി പഠിപ്പിക്കുകയും ചെയ്തു.