'നീ ഇരകളുടെ മാംസം പാകം ചെയ്ത് കഴിച്ചോ..?'; ഷാഫിയുടെ മറുപടി ഒരു ചെറുചിരി മാത്രം

ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യസൂത്രധാരന്‍ ഷാഫി. ‘നീ ഇരകളുടെ മാംസം പാകം ചെയ്ത് കഴിച്ചോ..?’ എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ഷാഫിയുടെ മറുപടി ചെറുചിരി മാത്രമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും ഷാഫിയില്‍നിന്ന് കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഒന്നിലധികം സംഘങ്ങള്‍ രാവും പകലും ഷാഫിയില്‍നിന്ന് വിവരം തേടാന്‍ ശ്രമിച്ചിട്ടും പ്രതി ഇതിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം.

ഇരട്ട നരബലി വരെയുളള ആസൂത്രണത്തിന്റെ വിവരം ലഭിക്കേണ്ടത് ഷാഫിയില്‍ നിന്നാണ്. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ മനപൂര്‍വം അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്.

ലഭിച്ച തെളിവുകള്‍ വിശദമായി പരിശോധിക്കാന്‍ അന്വേഷണ സംഘം ഇന്നും പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരും. പ്രതികളുമായി ബന്ധപ്പെട്ടവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം, പത്തനംതിട്ട ജില്ലകള്‍ക്ക് പുറമെ ഷാഫി പോയിട്ടുളള മറ്റ് സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.