വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിവെച്ചു. യു.ഡി.എഫ് അംഗമായ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സാ ജോസാണ് രാജിവെച്ചത്. സര്‍വ്വജന സ്കൂളിന് ഫിറ്റ്നസ് നല്കിയ നഗരസഭാ ഭരണ സമിതിക്കെതിരെ യു.ഡി.എഫ് പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനിരിക്കെയാണ് രാജി.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നോക്കുക്കുത്തിയാക്കി എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള നഗരസഭ ഭരണ സമിതി അവഗണിക്കുകയായിരുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ് അംഗം കൂടിയായ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രാജി സമര്‍പ്പിച്ചത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട യോഗങ്ങളിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും തന്നെ ഉൾപ്പെടുത്താറില്ലെന്നും വത്സാ ജോസ് പറഞ്ഞു.
Read more
വിദ്യാർത്ഥിനി മരിച്ചതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത പ്രധാന അധ്യാപകരുടെ യോഗവും തന്നെ അറിയിച്ചില്ല. ഈ സാഹചര്യത്തിൽ ഭരണസമിതിയുടെ പക്ഷപാതപരമായ നിലപാടും കെടുകാര്യസ്ഥതയും കാരണം ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കാത്തതിനാലാണ് രാജിയെന്നാണ് വിശദീകരണം. യു.ഡി.എഫ് അംഗങ്ങളുമായി കൂടിയാലോചിച്ച് മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.