എല്‍ജെഡി വിമതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; മറുപടി തൃപ്തികരമെങ്കിൽ പാർട്ടിയിൽ തുടരാം: ശ്രേയാംസ് കുമാര്‍

തിരുവനന്തപുരത്ത് വിമത യോഗം ചേര്‍ന്നവര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍. എല്‍ജെഡി നേതൃയോഗത്തിലാണ് തീരുമാനം. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രന്‍ പിള്ള എന്നിവരടക്കം ഒമ്പത് പേര്‍ക്കാണ് നോട്ടീസ് നല്‍കുക.

നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം പാര്‍ട്ടി നേതൃത്വത്തിന് മറുപടി മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ പാർട്ടിയിൽ തുടരാമെന്നും നടന്നത് സംഘടനാ വിരുദ്ധ പ്രവർത്തനമാണെന്നും വിഷയത്തിൽ അപലപിക്കുന്നുവെന്നും ശ്രേയാംസ് കുമാര്‍ കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിമത പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല. പാര്‍ട്ടിയെ തളര്‍ത്താനല്ല, വളര്‍ത്താനാണ് ശ്രമിക്കേണ്ടത്ത്. അച്ചടക്ക ലംഘനം നടത്തിയവര്‍ തെറ്റുതിരുത്തി വന്നാല്‍ അവര്‍ക്കുമുന്നില്‍ പാര്‍ട്ടി വാതില്‍ അടയ്ക്കില്ല. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. മന്ത്രി സ്ഥാനത്തിനായി ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20ന് മുമ്പ് സംസ്ഥാന അധ്യക്ഷ സ്ഥാനം ശ്രേയാംസ് കുമാര്‍ ഒഴിയണമെന്നായിരുന്നു വിമത നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഈ ആവശ്യവും ശനിയാഴ്ച ചേര്‍ന്ന യോഗം തള്ളിയതായി ശ്രേയാംസ് കുമാര്‍ പറഞ്ഞു. പാലക്കാട്, കൊല്ലം , പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ പ്രസിഡണ്ടുമാർ യോഗത്തിൽ പങ്കെടുത്തില്ല. പാലക്കാട് , കൊല്ലം , പത്തനംതിട്ട അധ്യക്ഷൻമാർ അനുമതിയോടെയാണ് മാറി നിന്നത്.

എന്നാല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജിന്റെയും പാര്‍ട്ടിയുടെ ഏക എം.എല്‍.എ കെ.പി. മോഹനന്റെയും പിന്തുണ വിമതനേതാക്കള്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും തങ്ങള്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പമാണെന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.