വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിന് 300 കോടിയുടെ ആസ്തിയെന്ന് പൊലീസ്

ഒറ്റമൂലി വൈദ്യന്‍ ഷെബാ ഷെരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന് 300 കോടിയോളം രൂപയുടെആസ്തിയെന്ന് പൊലീസ്. ഈ സാമ്പത്തിക വളര്‍ച്ച പത്തു വര്‍ഷത്തിനിടെയാണ്. നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട് . ഇയാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഷൈബിന്‍ അതിബുദ്ധിമാനായ കുറ്റവാളിയെന്നും പൊലീസ് പറയുന്നു .2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു.

മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാല്‍ വര്‍ഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറില്‍ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ എറിഞ്ഞു.