ദിവ്യ ഉണ്ണി ഇതുവരെ വിളിക്കാന്‍ പോലും തയാറായില്ല; അപകടത്തില്‍ ഖേദപ്രകടനം നടത്തിയില്ല; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ സ്‌നേഹം; മന്ത്രി സജി ചെറിയാന് സംസ്‌കാരമില്ലെന്നും ഉമ തോമസ്

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മൃദംഗനാദം പരിപാടിക്കിടെ ഉണ്ടായ അപകടത്തില്‍ നടി ദിവ്യ ഉണ്ണിക്കും മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. അപകടത്തിനുശേഷം നടി ദിവ്യ ഉണ്ണി ഉത്തരവാദിത്തം കാട്ടിയില്ല. വേണ്ട സമയത്ത് വിളിക്കാന്‍ പോലും അവര്‍ തയാറായില്ല. അവരില്‍നിന്ന് ഖേദപ്രകടനം പ്രതീക്ഷിച്ചിരുന്നു. ദിവ്യ ഉണ്ണിയെ പോലുള്ളവര്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്നും ഉമ തോമസ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നൃത്ത പരിപാടിയുടെ സ്റ്റേജ് തയാറാക്കിയത് കുട്ടികള്‍ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. തനിക്ക് വീണ് പരിക്കേറ്റിട്ടും മന്ത്രി സജി ചെറിയാന്‍ പരിപാടിയില്‍ തുടര്‍ന്ന് പങ്കെടുത്തതിനെയും ഉമ വിമര്‍ശിച്ചു. സാംസ്‌കാരിക മന്ത്രിക്ക് സംസ്‌കാരമുണ്ടോയെന്ന സംശയം തനിക്കുണ്ടാക്കിയെന്നും ഉമ തോമസ് പറഞ്ഞു.

അഴയിലിട്ട തുണി വീണ ലാഘവത്തോടെയാണ് വീഴ്ചയ്ക്കുശേഷം പലരും സ്വന്തം സീറ്റുകളില്‍ പോയിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. എന്തു സംഭവിച്ചെന്ന് അന്വേഷിക്കാന്‍ മന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ തയാറായില്ല. മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നു സ്റ്റേജ് നിര്‍മാണം. ബാരിക്കേഡിന് മുകളിലായാണ് സ്റ്റേജ് നിര്‍മിച്ചത്. ജിസിഡിഎയ്ക്കും പൊലീസിനും ക്ലീന്‍ചിറ്റ് നല്‍കി അപകടം സംഘാടകരുടെ മാത്രം കുഴപ്പമാക്കി മാറ്റുകയാണ്. കരാറടക്കം പരിശോധിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നും ഉമ തോമസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ സന്ദര്‍ശനത്തെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. വീണ ഒരാളെ സന്ദര്‍ശിക്കുക എന്നത് നാടിന്റെ നേതാവിന്റെ ഐഡന്റിറ്റിയാണെന്നും ഉമ തോമസ് വ്യക്തമാക്കി.

Read more

ഡിസംബര്‍ 29നാണ് കലൂര്‍ സ്റ്റേഡിയത്തില്‍ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം പരിപാടിക്കിടെ ഉമ തോമസിന് സ്റ്റേജില്‍നിന്ന് വീണ് ഗുരുതര പരുക്കേറ്റത്.