CSK VS DC: ഞെട്ടിക്കാൻ ഒരുങ്ങി ധോണിയും ചെന്നൈയും, ഇന്നത്തെ മത്സരത്തിൽ ആ മാറ്റം കാണാം; ആഘോഷമാക്കാൻ ആരാധകർ

ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സി‌എസ്‌കെ) വീണ്ടും നയിക്കാൻ എം‌എസ് ധോണി എത്തിയേക്കാം എന്ന് റിപ്പോർട്ട്. ഡൽഹിക്ക് എതിരായ മത്സരത്തിൽ ചെന്നൈ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ പ്ലെയിങ് ഇലവനിൽ സ്ഥാനം സംബന്ധിച്ച് ഇതുവരെ സ്ഥിതീകരണം ഒന്നും വന്നിട്ടില്ല. ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെ (ആർ‌ആർ) സി‌എസ്‌കെ പരാജയപ്പെട്ട മത്സരത്തിൽ ഗെയ്‌ക്‌വാദിന്റെ വലതു കൈമുട്ടിന് പരിക്ക് പറ്റിയിരുന്നു. അതിനുശേഷം അദ്ദേഹത്തിന് പരിശീലനം നടത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

എം‌എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന പോരിൽ ലീഗിൽ ബുദ്ധിമുട്ടുന്ന സി‌എസ്‌കെ ഫോമിൽ ഉള്ള ഡൽഹി ക്യാപിറ്റൽസിനെ (ഡി‌സി) നേരിടും. ഗെയ്‌ക്‌വാദ് കൃത്യസമയത്ത് ആരോഗ്യം വീണ്ടെടുത്തില്ലെങ്കിൽ ധോണി ആകും ചെന്നൈയെ നയിക്കുക. അങ്ങനെ ഒന്ന് സംഭവിച്ചാൽ ധോണി 236-ാം തവണയും ടോസ് എറിയാൻ എത്തുന്നത് നമുക്ക് കാണാൻ കഴിയും.

ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് മൈക്കിൾ ഹസി പറഞ്ഞത് ഇങ്ങനെ

“അതെ, പരിശീലനത്തിൽ അദ്ദേഹം [ഗെയ്ക്വാദ്] ബാറ്റ് ചെയ്യാൻ എത്തുമെന്ന് ഞാൻ കരുതുന്നു” പത്രസമ്മേളനത്തിൽ സി‌എസ്‌കെയുടെ ബാറ്റിംഗ് പരിശീലകൻ മൈക്കൽ ഹസി പറഞ്ഞു. “അദ്ദേഹത്തിന്റെ കൈമുട്ടിന് ഇപ്പോഴും ചെറിയൊരു വേദനയുണ്ട്, പക്ഷേ അത് ഭേദമാകും എന്നാണ് പ്രതീക്ഷ.”

“ക്യാപ്റ്റൻസിയെക്കുറിച്ച് ഞാൻ കൂടുതൽ ഒന്നും ചിന്തിച്ചിട്ടില്ല. സ്റ്റീഫൻ ഫ്ലെമിംഗും (സി‌എസ്‌കെ ഹെഡ് കോച്ച്) ഋതുരാജും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, ഞങ്ങൾക്ക് ഒരു യുവതാരം(ധോണി) ഉണ്ട്. സ്റ്റമ്പിന് പിന്നിൽ അവൻ ഞങ്ങളെ സഹായിക്കും. അയാൾക്ക് ഞങ്ങളെ ഒരുപാട് സഹായിക്കാൻ പറ്റും. പക്ഷെ ആ റോൾ അയാൾ ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ട്”

ധോണി നായകസ്ഥാനം ഏറ്റെടുക്കാതെ സാഹചര്യം വന്നാൽ അശ്വിൻ ജഡേജ പോലെ ഉള്ള താരങ്ങളിലൂടെ ഒരുപാട് ഓപ്ഷൻ ടീമിന് ബാക്കിയുണ്ട്.