രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്. യു.എ.പി.എ അടക്കമുള്ള മറ്റ് വകുപ്പുകളും പുനപ്പരിശോധിക്കണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും റൈഹാനത് പറഞ്ഞു.
‘സിദ്ദിഖ് കാപ്പനെതിരായ ഒരു കേസ് രാജ്യദ്രോഹമാണ്. അതൊഴിവായി കിട്ടുകയാണല്ലോ. യു.എ.പി.എ കേസുണ്ട്. ഇ.ഡി കേസുണ്ട്. അതൊക്കെ നിലവിലുണ്ട്. സുപ്രിംകോടതിയുടെ നടപടി സ്വാഗതാര്‍ഹമാണ്. യു.എ.പി.എ അടക്കമുള്ള വകുപ്പുകളിലും പുനപ്പരിശോധന വേണമെന്നാണ് അഭ്യര്‍ഥന. ഹാത്രാസില്‍ പോയി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ഇത്രയും കേസ്.
വെറും 24,000 രൂപയാണ് അദ്ദേഹത്തിന്റെ അക്കൌണ്ടിലുള്ളത്. കോടികളൊന്നുമില്ല. എന്നിട്ടാണ് ഇ.ഡി കേസ്. മെയ് 13നാണ് ഇനി ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷ. റൈഹാനത് പറഞ്ഞു.
Read more
124 എ വകുപ്പ് ചുമത്തി ഇനി എഫ് ഐആര്‍ ഇടരുതെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഇതോടെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ പുതിയ കേസെടുക്കാനാവില്ല. നിയമം പുനപ്പരിശോധിക്കാന്‍ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തില്‍ അതുവരെ നടപടികള്‍ മരവിപ്പിക്കുകയാണെന്ന് കോടതി ഉത്തരവിട്ടു.