തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ കൂട്ടം തെറ്റിയ കുഞ്ഞ് മാളികപ്പുറത്തിന് തുണയായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘം പമ്പയില്‍ ബസിറങ്ങിയ ശേഷമാണ് മനസിലാക്കിയത് തങ്ങളുടെ കുഞ്ഞ് മാളികപ്പുറം ബസില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്ന്. അപ്പോഴേക്കും ബസ് നിലയ്ക്കലിലേക്ക് തിരിച്ചിരുന്നു.
ആന്ധ്രപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലായിരുന്നു തീര്‍ത്ഥാടക സംഘമെത്തിയത്. പാര്‍ക്കിംഗിനായി നിലയ്ക്കലിലേക്ക് ബസ് തിരിച്ചെന്ന് മനസിലാക്കിയതോടെ ബന്ധുക്കള്‍ ആശങ്കയിലായി. ഉടന്‍തന്നെ ബന്ധുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് വിവരം ധരിപ്പിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വയര്‍ലെസിലൂടെ സന്ദേശം കൈമാറി.
പട്രോളിംഗിനിടെ വയര്‍ലെസ് സന്ദേശത്തിലൂടെ വിവരം ലഭിച്ച മോട്ടോര്‍ വാഹന വകുപ്പിലെ എഎംവിമാരായ ജി അനില്‍കുമാറും ആര്‍ രാജേഷും അട്ടത്തോട് വച്ച് ബസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുഖനിദ്രയിലായിരുന്ന മാളികപ്പുറത്തെ കണ്ടെത്തി. കുട്ടി ബസില്‍ ഉണ്ടായിരുന്ന വിവരം ബസ് ജീവനക്കാരും അപ്പോഴാണ് അറിയുന്നത്.
Read more
ഉറക്കത്തിലായിരുന്ന കുട്ടിയെ തോളിലിട്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തം വാഹനത്തില്‍ പമ്പയിലേക്ക് തിരിക്കുകയായിരുന്നു. കുട്ടിയെ സുരക്ഷിതമായി ബന്ധുക്കളെ ഏല്‍പ്പിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാര്‍ മല കയറിയത്.