ഇഡി മോദിയുടെ രാഷ്ട്രീയ ആയുധമെന്ന് പാലക്കാട് ലോക്സഭാ മണ്ഡലം സിപിഎം സ്ഥാനാര്ത്ഥി എ. വിജയരാഘവന്. പിണറായി വിജയന് ഏറെ വേട്ടയാടപ്പെട്ട രാഷ്ട്രീയക്കാരനെന്നും ഇഡിയുടെ ഈ വിരട്ടലുകളിലൊന്നും കുലുങ്ങില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സൗത്ത് ലൈവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിജയരാഘവന് വ്യക്തമാക്കി.
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തപോലെ പിണറായിയെ അറസ്റ്റ് ചെയ്ത് ജയിലിലിടാമെന്ന് ചില ബിജെപി നേതാക്കൾ കരുതുന്നുണ്ട്, അതൊന്നും നടക്കാൻ പോവുന്നില്ലെന്നും, പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ പ്രധാന ശത്രു സിപിഎം ആണെന്നും വിജയരാഘവൻ സൗത്ത് ലൈവിനോട് പറഞ്ഞു.
എ. വിജയരാഘവൻ സൗത്ത് ലൈവിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:
“കോൺഗ്രസ്സിന്റെ നിലപാടുകളുടെ അതേ ആവർത്തനമല്ല ഇന്ത്യ സഖ്യത്തിന്റെ നിലപാടുകൾ. ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിന്റെ നയപരിമിതികളും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ മതേതരത്വത്തെ സംരക്ഷിക്കുക എന്നത് മറ്റൊരു അജണ്ടയാണ്.”
“രാജ്യമൊരു ഫാസിസ്റ്റ് വഴിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിന്റേതായ എല്ലാ ഘടകങ്ങളെയും അത് തകർക്കുകയാണ്. ആർഎസ്എസിന്റെ അകത്ത് ഈ ജനാധിപത്യമില്ല, അവർ അതിനെ ബഹുമാനിക്കുന്നുമില്ല. അവരുടെ നിർദേശത്തിനനുസരിച്ച് ഭരിക്കുന്ന ഒരു ഗവണ്മെന്റ് ആണ് നരേന്ദ്രമോദിയുടേത്. അതുകൊണ്ടാണ് ന്യൂനപക്ഷ വിരുദ്ധതയ്ക്ക് കൂടുതൽ പരിഗണന ലഭിക്കുന്നത്. അതുകൊണ്ടാണ് പള്ളിപൊളിച്ച് അമ്പലം പണിതത് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി പോവുന്നത്. അവരുടെ വരാൻ പോവുന്ന പദ്ധതികളെല്ലാം അതിന്റെ തുടർച്ചയാണ്. എന്നാൽ അതിന്റെ മുന്നിലൊന്നും ഇടതുപക്ഷം ഭയപ്പെടാൻ പോവുന്നില്ല.”
“പിണറായി വിജയനെ വേട്ടയാടാൻ എല്ലാകാലത്തും പരിശ്രമിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് പരിശ്രമിച്ചിട്ടുണ്ട്, ഉമ്മൻ ചാണ്ടി ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോഴൊക്കെ അതിന് ശ്രമിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് കൃത്യമായ ഒരു ജനാധിപത്യ വിരുദ്ധ നിലപാടാണ്. അതുപോലെ പിണറായിയെ ജയിലിടച്ചു മുന്നോട്ട് പോകാമെന്ന് കേരളത്തിലെ ചില ബിജെപി നേതാക്കൾ കരുതുന്നുണ്ട്. അതൊന്നും നടക്കാൻ പോണില്ല.”
Read more
“കേരളത്തിൽ ബിജെപി ഒരു സീറ്റ് പോലും വിജയിക്കില്ല. കേരളം കേന്ദ്ര ഗവണ്മെന്റ് നയങ്ങൾക്ക് മുകളിലൂടെ നേടിയ ഒരു വളർച്ചയുണ്ട്, അത് അവരെ അലോസരപെടുത്തുന്നു. വി. ഡി സതീശന്റെ ഭാഷ നരേന്ദ്രമോദിയെ മഹാനാക്കുന്ന തരത്തിലുള്ളത്. അദ്ദേഹത്തിന് ബിജെപിയേക്കാൾ വലിയ ശത്രു സിപിഎം ആണ്.”