സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു; ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണം കഴിഞ്ഞ് സെല്ലിലേക്ക് മാറ്റും

കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു. ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും.

നേരത്തെ റിമാൻഡ് തടവുകാരൻ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. ശിക്ഷാവിധിയിൽ തൃപ്തയില്ലെന്നും നീതികിട്ടിയില്ലെന്നും സൂരജിന് വധശിക്ഷ നൽകണമെന്നുമാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനമെടുത്തിട്ടില്ല. അതേസമയം ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.

ഇരട്ട ജീവപര്യന്തവും 17 വർഷം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. സൂരജ് അഞ്ചു ലക്ഷം രൂപ പിഴയും ഒടുക്കണം. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. തെളിവ് നശിപ്പിച്ചതിനാണ് ഏഴുവർഷം തടവുശിക്ഷ. വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിനാണ് 10 വർഷം തടവ്. പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം.

17 വർഷത്തെ തടവ് അനുഭവിച്ചതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനാണ് ഒന്നാമത്ത ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് രണ്ടാമത്തെ ജീവപര്യന്തം തടവ്. പ്രതിയുടെ പ്രായം പരിഗണിച്ചും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതുമാണ് വധശിക്ഷ ഒഴിവാക്കാൻ കാരണം എന്ന് കോടതി പറഞ്ഞു.