ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്ന താരമാണ് ലക്നൗ സൂപ്പർ ജയൻറ്സ് നായകൻ ഋഷഭ് പന്ത്. പതിനെട്ടാം സീസണിലെ ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിൽ നിന്നായി 15 റൺ മാത്രമാണ് താരത്തിന് നേടാനായത്. ഡൽഹിക്ക് എതിരായ മത്സരത്തിൽ എളുപ്പത്തിൽ ജയിച്ചു കയറാം എന്ന അവസ്ഥയിൽ നിൽക്കെ ടീമിനെ തോൽപ്പിച്ചത് ഋഷഭ് പന്ത് എന്ന നായകനും കീപ്പറും കൂടി ചേർന്നായിരുന്നു. അങ്ങനെ ആകെ നോക്കിയാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്ക് ടീമിൽ എത്തിയ താരം അതിന്റെ ഒരു ശതമാനം തിരിച്ചു നൽകുന്ന പ്രകടനം കാഴ്ചവെച്ചിട്ടില്ല.
ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിൽ അതിദയനീയ തോൽവിയെറ്റ് വാങ്ങിയ ശേഷം തോൽവിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് താരം സംസാരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ- “പഞ്ചാബ് കിംഗ്‌സിനെതിരെ ഞങ്ങൾക്ക് 20-25 റൺസ് കുറവായിരുന്നു, പക്ഷേ ഇതെല്ലാം കളിയുടെ ഭാഗമാണ്. ഇത് ഞങ്ങളുടെ ആദ്യത്തെ ഹോം മത്സരമാണ്, ഞങ്ങൾ ഇപ്പോഴും സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെടുന്നത് എളുപ്പമല്ല. അടുത്ത മത്സരത്തിൽ ഞങ്ങൾ മെച്ചപ്പെടാൻ ശ്രമിക്കും,” ഋഷഭ് പന്ത് പറഞ്ഞു.
“ഞങ്ങൾ വേണ്ടത്ര മികച്ചവരായിരുന്നില്ല, പക്ഷേ നമ്മൾ മുന്നോട്ട് പോകേണ്ടതുണ്ട്. ഞങ്ങളുടെ ഏറ്റവും മികച്ച കോമ്പിനേഷൻ ഞങ്ങൾ ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ടൂർണമെന്റിന്റെ ആദ്യ ദിവസങ്ങളാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
മത്സരത്തിലേക്ക് വന്നാൽ ലക്നൗ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 16.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ മത്സരം ജയിച്ചുകയറി. പ്രഭ്‌സിമ്രാൻ സിംഗ് (34 പന്തിൽ 69), ശ്രേയസ് അയ്യർ (28 പന്തിൽ പുറത്താവാതെ 52), നെഹൽ വധേര (25 പന്തിൽ പുറത്താവാതെ 43) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബിന് തുടർച്ചയായ രണ്ടാം വിജയത്തിലേക്ക് നയിച്ചത്.