ക്രിമിനൽ സംഘമെന്ന് പറയുന്നത് ചരിത്രം അറിയാതെ; 'എസ്എഫ്ഐ പ്രവർത്തകരെ ഗവര്‍ണർ പേരക്കുട്ടികളെ പോലെ കണ്ടാൽ മതി' ; എ എൻ ഷംസീര്‍

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി എസ്എഫ്ഐ നടത്തുന്ന പ്രതിഷേധ സമരത്തെ പിന്തുണച്ച് സ്പീക്കർ എ എൻ ഷംസീർ. ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിനെ ഗവർണർ ആ രീതിയിൽ കാണണം. ക്രിമിനൽ സംഘമല്ല. എസ് എഫ് ഐ പ്രവർത്തകരെ പേരകുട്ടികളെ പോലെ കണ്ടാൽ മതി. ഗവർണർക്ക് എസ് എഫ് ഐയുടെ ചരിത്രം അറിയാത്തതിനാലാണ് ക്രിമിനൽ സംഘമെന്ന് പറയുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

ജനാധിപത്യ രീതിയിൽ സമരം നടത്താൻ എസ്എഫ്ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബാനർ ഉയർത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്ക‍ര്‍ പറഞ്ഞു.അതേ സമയം കാവിവത്ക്കരണത്തിന് ശ്രമിക്കുന്നുവെന്നാരോപിച്ച് കാലിക്കറ്റ്‌ സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധം കൂടുതൽ കടുപ്പിക്കുവാനുള്ള നീക്കത്തിലാണ് എസ് എഫ് ഐ.

എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് യുദ്ധത്തിനിറങ്ങുകയാണ് ഗവർണറും. തനിക്കെതിരെ ക്യാമ്പസിൽ എസ് എഫ് എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്നും, അവ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം നൽകണമെന്നുമാണ് നി‍ര്‍ദ്ദേശം. ഉടൻ ബാനറുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.