2,971 പരീക്ഷാ കേന്ദ്രങ്ങള്‍; 4,27,105 വിദ്യാര്‍ത്ഥികള്‍; എസ് എസ് എല്‍ സി പരീക്ഷ ഇന്ന് മുതല്‍; എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മന്ത്രി

എസ്.എസ്.എല്‍.സി പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളത്തില്‍ 2955, ഗള്‍ഫ് മേഖലയില്‍ ഏഴ്, ലക്ഷദ്വീപില്‍ ഒമ്പത് എന്നിങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങള്‍.

പുതിയ അദ്ധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം മാര്‍ച്ച് 12ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ 1,43,71,650 പാഠപുസ്തകങ്ങളുടെ അച്ചടിപൂര്‍ത്തിയായി. ഈ പാഠപുസ്തകങ്ങളില്‍ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉള്‍പ്പെടും.

ഇതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മാര്‍ച്ച് 12ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടക്കും. പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ 2,09,72,250 പാഠപുസ്തകങ്ങളുടെ അച്ചടി മെയ് മാസം ആദ്യ ആഴ്ച പൂര്‍ത്തിയാകും. വിതരണോദ്ഘാടനം മെയ് പത്തിനുള്ളില്‍ നടക്കും.

സമഗ്രശിക്ഷാ കേരളം 2023-2024 സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയങ്ങളില്‍ പഠനോത്സവം സംഘടിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു. പഠനോത്സവത്തില്‍ തുടങ്ങി പ്രവേശനോത്സവം വരെ എത്തുന്ന വിപുലമായ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് വിദ്യാലയങ്ങളില്‍ ഇത്തവണ പഠനോത്സവം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 11ന് തിരുവനന്തപുരം പൂജപ്പുര യു.പി.എസ്സില്‍ നടക്കും.

സ്റ്റാര്‍സ് പദ്ധതി ആരംഭിച്ചിട്ടുള്ള സംസ്ഥാനങ്ങളുടെ ഡീസെന്‍ഡ്രലൈസിഡ് പ്ലാനിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് വര്‍ക്ക്ഷോപ്പ് മാര്‍ച്ച് ആറ് മുതല്‍ എട്ട് വരെ കേരളത്തില്‍ നടക്കും. സ്റ്റാര്‍സ് പദ്ധതി നിലവിലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികളും കേരളത്തില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്ന വര്‍ക്ക്ഷോപ്പ് തിരുവനന്തപുരത്താണ് സംഘടിപ്പിക്കുന്നത്.

ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ മാതൃഭാഷാ ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മലയാള മധുരം നടത്തുന്നത്. കുട്ടികള്‍ക്ക് സ്വതന്ത്രമായി വായിക്കാന്‍ കഴിയുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കുകയും അവ കുട്ടികള്‍ വായിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അധ്യാപകര്‍ വഴി പിന്തുണ നല്‍കുകയും ചെയ്യുകയാണ് മലയാള മധുരം വഴി ലക്ഷ്യമിടുന്നത്. 9110 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു സ്‌കൂളില്‍ 80 പുസ്തകവും അത് സൂക്ഷിക്കാനുള്ള റാക്കും നല്‍കും.

Read more

കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിനിര്‍വഹണത്തില്‍ മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത മൂന്ന് ബസ്റ്റ് പെര്‍ഫോമിങ് സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും മന്ത്രി അറിയിച്ചു.