നൂറ് ശതമാനത്തിനരികെ എസ് .എസ് .എല്‍.സി വിജയം; ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 4,17,864 പേര്‍; ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് മലപ്പുറത്ത്; പാലായില്‍ നൂറ് ശതമാനം വിജയം

എസ്എസ്എല്‍സിക്ക് പരീക്ഷഫലങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ 99.70 വിജയശതമാനം. 4,17,864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26 ശതമാനമായിരുന്നു വിജയം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഫലം പ്രഖ്യാപിച്ചത് .കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.44 ശതമാനം വര്‍ദ്ധനയാണുള്ളത്.

68,604 വിദ്യാര്‍ഥികള്‍ ഇത്തവണ ഫുള്‍ എ പ്ലസ് നേടി. മലപ്പുറത്താണ് കൂടുതല്‍ ഫുള്‍ എ പ്ലസ് . 4856 പേര്‍ ഫുള്‍ എ പ്ലസ് നേടി. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.94 % ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.41%.പാലാ മുവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലകളില്‍ 100 ശതമാനം വിജയമാണ്. 2581 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ജുണ്‍ 7 മുതല്‍ 14 വരെ സേ പരീക്ഷ ആരംഭിക്കും.

951 സര്‍ക്കാര്‍ സ്‌കുളുകളും 1291 എയ്ഡഡ് സ്‌കൂളുകളും 439 അണ്‍ എയ്ഡഡ് സ്‌കുളുകളും പൂര്‍ണവിജയം നേടി.സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ നല്‍കും.

4,19,363 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 2960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,363 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളും എയിഡഡ് സ്‌കൂളുകളില്‍ 2,51,567ഉം അണ്‍ എയിഡഡ് സ്‌കൂളുകളില്‍ 27,092 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.