IPL 2025: പുരാന് അപ്പോ ഇതും വശമുണ്ടോ, ഹിറ്റ് പാട്ട്‌ പാടി ആരാധകരെ കയ്യിലെടുത്ത് ലഖ്‌നൗ താരം, കയ്യടിച്ച് സോഷ്യല്‍ മീഡിയ, ഇത് പൊളിച്ചെന്ന് ഫാന്‍സ്‌

ഐപിഎലില്‍ വമ്പനടികളിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന താരമാണ് നിക്കോളാസ് പുരാന്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി മിക്കപ്പോഴും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാറുണ്ട് താരം. ഹൈദരാബാദിനെതിരെ 26 പന്തില്‍ 70 റണ്‍സെടുത്ത് ഞെട്ടിച്ചിരുന്നു പുരാന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നാളെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. നിലവില്‍ നാല് മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ താഴെയാണ് ലഖ്‌നൗ. മത്സരത്തിന് മുന്‍പായി നിക്കോളാസ് പുരാന്റെതായി പുറത്തിറങ്ങിയ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

ഒരു ചടങ്ങിനിടെ ഹിന്ദി പാട്ട് പാടുന്ന പുരാനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. താരത്തിനൊപ്പം എല്‍എസ്ജി മെന്റര്‍ സഹീര്‍ ഖാനും ഒപ്പമുണ്ട്. പാടുന്നതിനിടെ ഹിന്ദി വരികള്‍ പറഞ്ഞുകൊടുത്ത് പുരാനെ സഹായിക്കുകയാണ് സഹീര്‍ ഖാന്‍. വീഡിയോ നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.

ഐപിഎലില്‍ ഇതുവരെ നടന്ന നാല് മത്സരങ്ങളില്‍ 201 റണ്‍സ് എടുത്ത് നിലവില്‍ ഓറഞ്ച് ക്യാപ്പിനുളള ലിസ്റ്റില്‍ മുന്നിലാണ് പുരാന്‍. മൂന്നാമനായി ലഖ്‌നൗവിന് ഇറങ്ങാറുളള നിക്കോളാസ് പുരാന്റെ ഇന്നിങ്ങ്‌സുകള്‍ പലപ്പോഴും ടീം സ്‌കോറിനെ സഹായിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമെല്ലാം ലഖ്‌നൗവിന് വേണ്ടി വിക്കറ്റ് കീപ്പിങ് ചെയ്ത താരം ഈ വര്‍ഷം റിഷഭ് പന്ത് വന്നതോടെ ഫീല്‍ഡറായി ഇറങ്ങുന്നു.