കണ്ണൂരില്‍ തെരുവുനായ ആക്രമണം, 8 പേര്‍ക്ക് പരിക്ക്; വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു

കണ്ണൂര്‍ ജില്ലയിലെ കണ്ണാടി പറമ്പില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ നിമിഷം നേരം കൊണ്ടാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈപ്പത്തി കടിച്ചെടുത്തു.

തിരുവനന്തപുരം കാട്ടാക്കടയില്‍ ഇന്നലെ ഒരു കുട്ടി ഉള്‍പ്പെടെ 8 പേര്‍ക്കു തെരുവുനായയുടെ കടിയേറ്റിരുന്നു. ഇടുക്കിയില്‍ രാജക്കാട്, ഉപ്പുതറ പഞ്ചായത്തുകളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയടക്കം 6 പേര്‍ക്കു കടിയേറ്റു. കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ വെച്ചൂക്കവലയില്‍ രാത്രി 5 വീടുകളുടെ വളപ്പില്‍ കയറിയ തെരുവുനായ 6 പേരെ കടിച്ചു.

എറണാകുളം പറവൂരില്‍ ആലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രതീഷ് ബാബുവിനു ഡ്യൂട്ടിക്കിടെ വളര്‍ത്തുനായയുടെ കടിയേറ്റു. പത്രവിതരണത്തിനു പോയ ചിറ്റൂര്‍ പാലിയത്തറ വില്‍സനും കടിയേറ്റു.

തൃശൂര്‍ അഞ്ചേരിയില്‍ ഓട്ടോ ഡ്രൈവര്‍ തറയില്‍ സന്തോഷ് (52), യുപി സ്വദേശി നഗേന്ദ്ര ശര്‍മ (45) എന്നിവര്‍ക്കും മലപ്പുറം എടക്കര മുണ്ടേരി തമ്പുരാട്ടിക്കല്ല് അങ്ങാടിയില്‍ ചേമ്പ്ര കോളനിയിലെ അരുണ്‍ (50), തണ്ടന്‍കല്ല് കോളനിയിലെ ശങ്കരന്‍ (56) എന്നിവര്‍ക്കും തെരുവുനായയുടെ കടിയേറ്റു.