വിലക്ക് ലംഘിച്ച് സമരം; കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

കെഎസ്ഇബി ചെയര്‍മാനും ഇടത് സംഘടനകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കടുക്കുന്നു. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഓഫീസേഴ്‌സ് അസോസിയേഷന്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ ബി അശോകനെതിരെ വൈദ്യുതി ബോര്‍ഡിന് മുന്നില്‍ സത്യാഗ്രഹം നടത്തിയതിന് പിന്നാലെയാണ് നടപടി. സസ്‌പെന്‍ഷനെ തുടര്‍ന്ന് കെഎസ്ഇബി ആസ്ഥാനത്ത് ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്.

നടപടി രാഷ്ടീയ പ്രേരിതമാണെന്നാണ് സുരേഷ് കുമാറിന്റെ പ്രതികരണം. ചെയര്‍മാന്‍ ബി അശോകിന്റേത് തന്നിഷ്ടപ്രകാരമുള്ള തീരുമാനം ആണെന്നും, പ്രതികാര നടപടിയാണെന്നും സുരേഷ് ആരോപിച്ചു.

സത്യാഗ്രഹം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബോര്‍ഡ് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. വിലക്ക് ലംഘിച്ച് സമരം നടത്തിയതിനെ തുടര്‍ന്നാണ് സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

ഇടത് സംഘടന നേതാവും കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികൂടിയായ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജാസ്മിനെ അകാരണമായി സസ്‌പെന്‍ഡ് ചെയതുവെന്ന് ആരോപിച്ചാണ് ചെയര്‍മാനെതിരെ ഇന്നലെ സമരം നടന്നത്.

Read more

അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. സ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ബി അശോക് പരിഹസിച്ചുവെന്നും പരാതിയുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ചെയര്‍മാന്‍ സംസാരിച്ചുവെന്നാണ് അസോസിയേഷന്‍ ആരോപിച്ചത്.