മന്ത്രി കെ ടി ജലീല്‍ ഇടപെട്ട കോളജ് മാറ്റം; വിവാദങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടി പഠനം അവസാനിപ്പിച്ചു

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടതിനെ തുടര്‍ന്ന് കോളജ് മാറ്റം ലഭിച്ച പെണ്‍കുട്ടി വിവാദങ്ങളെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ത്ഥിനിക്ക് ആലപ്പുഴ ചേര്‍ത്തല എന്‍എസ്എസ് കോളജില്‍ നിന്ന് തിരുവനന്തപുരം വിമന്‍സ് കോളജിലേക്കാണ് മന്ത്രി ഇടപെട്ട് മാറ്റം നല്‍കിയത്. എന്നാല്‍, മാര്‍ക്ക്ദാന വിവാദത്തില്‍ ഈ സംഭവവും ഉയര്‍ന്നു വന്നതോടെ മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

അച്ഛന്‍ ഉപേക്ഷിക്കുകയും അമ്മ കാന്‍സര്‍ ബാധിതയായി മരിക്കുകയും ചെയ്ത ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പഠന സൗകര്യാര്‍ത്ഥമാണ് തിരുവനന്തപുരത്തേക്ക് മാറ്റത്തിന് മന്ത്രിയെ സമീപിച്ചത്. മന്ത്രി അപേക്ഷ പരിഗണിക്കുകയും ചെയ്തു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച് വിദ്യാര്‍ത്ഥിനി തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പഠനം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനി നല്‍കിയ കത്ത് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ചേര്‍ത്തലയില്‍ നിന്ന് പഠിക്കാന്‍ സാധിക്കാത്തതിനാലാണ് വിദ്യാര്‍ത്ഥിനി പഠനം അവസാനിപ്പിക്കുന്നത്.

“മെറിറ്റിലാണ് തനിക്കു സീറ്റ് കിട്ടിയത്. ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് മാനസികമായി തളര്‍ത്തുകയാണ് ചെയ്തത്. എല്ലാവരും ചേര്‍ന്ന് തന്നെ അപമാനിച്ചു. ഇനി പഠിക്കുന്നില്ല. പഠിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. പക്ഷേ, ഇനി താന്‍ പഠിക്കുന്നില്ല” എന്നും പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു. വിഷയം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പഠനം നിര്‍ത്തിയതില്‍ സമൂഹത്തിനു പങ്കുണ്ടെന്നുമുള്ള തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.