സ്നേഹം നിറഞ്ഞ പങ്കാളിയെ മാത്രമല്ല, അത്രമേല്‍ ഇഷ്ടപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടത്; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ താന്‍ നിരപരാധിയെന്ന് സുകാന്ത്, മുൻകൂർ ജാമ്യം തേടി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കുറ്റാരോപിതനായ സുഹൃത്ത് എടപ്പാൾ സ്വദേശി സുകാന്ത് സുരേഷ്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. മേഘയുടെ മരണവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും സംശയത്തിന്റെ നിഴലിലേക്ക് തന്നെ ബോധപൂര്‍വ്വം വലിച്ചിടുകയാണെന്നും സുകാന്ത് ആരോപിക്കുന്നു.

കേസുമായി ബന്ധപ്പെട്ട ആരോപണത്തങ്ങൾക്കിടയിൽ ഒളിവില്‍ കഴിയവെയാണ് സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഒരു ഘട്ടത്തിലും മരിച്ച ഐബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയിട്ടില്ലെന്നും സ്നേഹത്തോടെയും ബഹുമാനത്തോടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയുമാണ് എപ്പോഴും ഇടപഴകിയതെന്നും സുകാന്ത് ഹർജിയിൽ പറയുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണം ഏറ്റവുമധികം ബാധിക്കപ്പെട്ട ഒരാളാണ് താന്‍ എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് പറയുന്നു.

ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. സത്യസന്ധമായ സ്നേഹവും നിറഞ്ഞ പിന്തുണയുമാണ് എപ്പോഴും ഐബി ഉദ്യോഗസ്ഥയോട് പ്രകടിപ്പിച്ചത്. ഐബി ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയും തീരുമാനത്തെയും എപ്പോഴും അംഗീകരിച്ചിരുന്നു. സ്നേഹം നിറഞ്ഞ പങ്കാളിയെ മാത്രമല്ല, അത്രമേല്‍ ഇഷ്ടപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ താന്‍ നിരപരാധിയാണ്. കുറ്റകൃത്യവുമായി ഒരു ബന്ധവുമില്ല.

സംശയത്തിന്റെ നിഴലിലേക്ക് തന്നെ ബോധപൂര്‍വ്വം വലിച്ചിടുകയാണ്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അനാവശ്യമായി തന്നെ സംശയിക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് സുരേഷ് പറയുന്നു.

അതേസമയം, തന്റെ മകള്‍ ലൈംഗിക ചൂഷണം നേരിട്ടുവെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ് ആരോപിച്ചിരുന്നു. സാമ്പത്തിക ചൂഷണം നടന്നുവെന്നും മകള്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടതായും പിതാവ് പറഞ്ഞിരുന്നു. മകളുടെ ശമ്പളത്തുക മുഴുവന്‍ സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മകളുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നത് ആയിരം രൂപ മാത്രമാണ്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു.

അതേസമയം ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണ വിധേയനായ സുകാന്ത് സുരേഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതേസമയം സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങുകയാണ് ഐബി. ഐബിയിലെ പ്രൊബേഷണറി ഓഫീസറാണ് സുകാന്ത്. ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തിയിരുന്നു. സുകാന്തിനെതിരെ പൊലീസ് കേസെടുത്താല്‍ സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് സൂചന. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സുകാന്ത് ജോലി നോക്കിയിരുന്നത്. പ്രൊബേഷനില്‍ ആയതിനാല്‍ പിരിച്ചുവിടാനും ഏജന്‍സിക്ക് അധികാരമുണ്ട്. സുകാന്തിനെതിരെ പൊലീസ് കേസെടുത്താല്‍ സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് സൂചന.

അതേസമയം സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം മൊഴി നല്‍കിയിരുന്നു. സുകാന്തുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുള്‍പ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാള്‍ വിമുഖത കാണിക്കുകയായിരുന്നുവെന്നും കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. പണം തട്ടിയെടുത്ത കാര്യങ്ങളുള്‍പ്പടെ പൊലീസിനോട് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. പേട്ട സിഐക്കാണ് മൊഴി നല്‍കിയത്. അതേസമയം മേഘയുടെ മരണത്തിൽ സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

Read more