ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ പരാതിയില്‍ പ്രതികരണവുമായി ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മന്ത്രി പരാതി ഉന്നയിച്ച പൂജാരിയെ പിരിച്ചു വിടണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരു മഹാസമാധി ദിനത്തില്‍ ശിവഗിരിയില്‍ നടന്ന പരിപാടിയിലാണ് സച്ചിദാനന്ദയുടെ പരാമര്‍ശം ഉണ്ടായത്.
ഇതിങ്ങനെ തുടരുന്നത് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇത്തരക്കാരോട് മൃദു സമീപനം സ്വീകരിക്കുന്നത് കൊണ്ടാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജാതി വിവേചനങ്ങളെ ചെറുത്തു തോല്‍പ്പിക്കണം. കേരളത്തെ വീണ്ടും ഭ്രാന്താലയം ആക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുവെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു.മന്ത്രി പരാതി ഉന്നയിച്ച പൂജാരിയെ പിരിച്ചു വിടണം. പിരിച്ചു വിടാനുള്ള നടപടി വേഗത്തിലാക്കണം. അനുഭവം ഉണ്ടായ അന്ന് തന്നെ മന്ത്രി പ്രതിഷേധം രേഖപ്പെടുത്തണമായിരുന്നുവെന്നും സച്ചിദാന്ദ പറഞ്ഞു.
അതേസമയം, കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ സംഭവത്തില്‍ രാധാകൃഷ്ണനെ പിന്തുണച്ചെത്തിയിരുന്നു. സംഭവം ഞെട്ടിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തില്‍ യുക്തമായ നടപടിയുണ്ടാകുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാധാകൃഷ്ണനുമായി നേരിട്ട് സംസാരിച്ച ശേഷം അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞശേഷം യുക്തമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ദേവസ്വം മന്ത്രി രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നുവെന്ന പ്രശ്നം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടത്.
പയ്യന്നൂരിലെ ക്ഷേത്രത്തില്‍ ജാതി വിവേചനം ഉണ്ടായ സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതമായ മൗനമെന്നാണ് കെ പി എം എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഇന്ന് അഭിപ്രായപ്പെട്ടത്. സംഭവത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണം. വിഷയത്തില്‍ സര്‍ക്കാരിനും സി പി എമ്മിനും ആത്മാര്‍ഥതയുണ്ടാകണം. കുറ്റക്കാരെ പൗരോഹിത്യ ചുമതലകളില്‍ നിന്നും പുറത്താന്‍ നടപടിയെടുക്കണമെന്നും പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
Read more
എന്നാല്‍ ക്ഷേത്രത്തില്‍ വെച്ച് തനിക്ക് ജാതി വിവേചനം നേരിടേണ്ടിവന്നുവെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് യോഗക്ഷേമ സഭയുടെ നിലപാട്. മന്ത്രിയുടെ ശ്രമം വാര്‍ത്ത സൃഷ്ടിക്കാനാണെന്നും തെറ്റായ സന്ദേശം നല്‍കുന്നതാണെന്നുമാണ് യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്റെ പക്ഷം. ക്ഷേത്ര പുരോഹിതന്മാര്‍ ആചാരനിഷ്ഠ പാലിക്കുകയാണ് ചെയ്തതെന്നുമാണ് ഭട്ടതിരിപ്പാട് ചൂണ്ടികാട്ടിയത്.