സയീദ് അഖ്തര്‍ മിര്‍സയെ കെ ആര് നാരായണന് നാഷണല്‍ ഇന്സ്ററ്റ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചു. അടൂര്‍ രാധാകൃഷ്ണന് രാജിവെച്ച ഒഴിവിലാണ് പുതുനിയമനം. പുണെ എഫ് ടി ഐ ഐ മുന്‍ ചെയര്മാന് കൂടിയാണ് മിര്‍സ. ഇന്ത്യന്‍ ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥകളാണ് തന്റെ ചലച്ചിത്രങ്ങളിലൂടെ മിര്‍സ അവതരിപ്പിച്ചിട്ടുള്ളത്.
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് നസീം എന്ന ചിത്രം മിര്‍സ എടുത്തത്. അതോടെ ഇനി തനിക്ക് സിനിമയിലൂടെ ലോകത്തോട് ഒന്നും പറയാനില്ലെന്നും പ്രഖ്യാപിച്ച് സിനിമയില്‍ നിന്ന് പിന്‍വാങ്ങിയ സാമൂഹ്യപ്രതിബദ്ധതയുടെ ആള്‍രൂപമായ മിര്‍സ, നോവലുകളും ഓര്‍മ്മക്കുറിപ്പുകളും പുസ്തകങ്ങളുമായി നമുക്കൊപ്പം തുടര്‍ന്നും നമുക്കൊപ്പം സക്രിയമായി തുടരുന്നുണ്ടായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹം 2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയ ജൂറി ചെയര്‍മാനായും ഉണ്ടായിരുന്നു.
ബോംബെയിലെ തെരുവുകളിലെ മനുഷ്യരുടെ ജീവിതം ആവിഷ്കരിച്ച, അവരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും വേട്ടയാടലുകള്‍ക്കും കാരണം തേടിയ, സ്വന്തം സിനിമ പൂര്‍ണമാകണമെങ്കില്‍ തെരുവുകളിലെ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണമെന്നു കരുതിയ ചലച്ചിത്രപ്രതിഭയുടെ സാന്നിധ്യം കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോലൊരു സ്ഥാപനത്തിലെ പഠിതാക്കള്‍ക്ക് ഏറ്റവും മികച്ചൊരു വഴിവിളക്കാവും, അത് കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയ തലത്തിലെ മികവിന്റെ കേന്ദ്രമാക്കി മാറ്റും എന്നു സര്‍ക്കാര്‍ കരുതുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പറഞ്ഞു.
Read more
കേരളത്തെ എന്നും സാകൂതം വീക്ഷിക്കുന്ന, കേരളത്തിന്റെ ചലച്ചിത്രാവിഷ്കാരങ്ങളെ, അതില്‍ത്തന്നെ പുതുതലമുറ ചലച്ചിത്രകാരന്മാരെ ഏറ്റവും സ്നേഹത്തോടെ വീക്ഷിക്കുന്ന ഈ മാനവപക്ഷ ചലച്ചിത്രകാരനെ നവകാല ചലച്ചിത്ര പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ നാം ഉയര്‍ത്തിക്കൊണ്ടുവരുന്ന മഹാസ്ഥാപനത്തിന്റെ മേധാവിയായി ലഭിച്ചതില്‍ ഏറ്റവും അഭിമാനിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.