'ലീഗിന്‍റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നു'; സാമ്പത്തിക സംവരണ വിഷയത്തിൽ യു.ഡി.എഫിന് എതിരെ സിറോ മലബാർ സഭ 

സാമ്പത്തിക സംവരണ വിഷയത്തിൽ യുഡിഎഫിനെതിരെ സീറോ മലബാർ സഭ നിലപാട് വ്യക്തമാക്കി ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ. മുസ്ലിം ലീഗ് സംവരണത്തെ എതിർക്കുന്നത് ആദർശത്തിന്റെ പേരിലല്ലെന്ന് ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി. ലീഗിന്‍റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തു വരികയാണെന്നും ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. സ്വന്തമായി നിലപാട് പ്രഖ്യാപിക്കാനാകാത്ത വിധം യു.ഡി.എഫ് ദുര്‍ബലമായോ എന്നും വിമര്‍ശനം.

എംഎൽഎമാരുടെ മേൽ യുഡിഎഫിന് നിയന്ത്രണം നഷ്ടമായെന്ന്  ജോസഫ് പെരുന്തോട്ടം. യുഡിഎഫിന്‍റെ വെൽഫെയർ പാർട്ടി സഖ്യത്തിനും രൂക്ഷ വിമർശനമാണ് ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ ഉയര്‍ത്തുന്നത്. ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27 ശതമാനത്തിലധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്‍റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെന്നും അടുത്തിരിക്കുന്നവന്‍റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

ഇടതുപക്ഷത്തിന്‍റെ പ്രകടന പത്രികയില്‍ 579-ാമത് നിര്‍ദ്ദേശമായ ജാതിസംവരണം ഇന്നുള്ള തോതില്‍ നിലനിര്‍ത്തി കൊണ്ടു തന്നെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പില്‍ വരുത്താന്‍ പരിശ്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ് അത് കേരള ജനത അംഗീകരിച്ചു എന്നതിന്‍റെ തെളിവ് കൂടിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ അവരുടെ വിജയമെന്ന് പറയാം. ഒരു ബഹുസ്വര രാഷ്ട്രത്തിന്‍റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

അതേ സമയം സംവരണ സമുദായ മുന്നണിയുടെ സംസ്ഥാന തല യോഗം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 11-ന്‌ ചേരുന്ന യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള വിവിധ സംവരണ സമുദായ നേതാക്കൾ പങ്കെടുക്കും. സംസ്ഥാന സർക്കാർ മുന്നോക്ക സമുദായത്തിലെ പിന്നോക്ക സാമ്പത്തിക പശ്ചാത്തലത്തിലുള്ളവർക്ക് ഏർപ്പെടുത്തിയ സംവരണത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മുന്നോക്ക സംവരണം പുനഃപരിശോധിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.

Read more

അതേ സമയം സാമ്പത്തിക സംവരണം സംബന്ധിച്ച് നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് രാഷ്ട്രിയകാര്യസമിതി യോഗം ഇന്ന് ചേരും.ദേശീയ തലത്തിൽ സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. സർക്കാർ തീരുമാനം വന്നതിന് പിന്നാലെ മുസ്ലിം ലീഗ് പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ സാമ്പത്തിക സംവരണത്തെ തള്ളാൻ കോൺഗ്രസിനാകില്ല. എൻഎസ്എസിന്റെ നിർദ്ദേശത്തെ കോൺഗ്രസ് പിന്തുണയ്ക്കുമോയെന്നതും പ്രധാനമാണ്.