'പൗരത്വ നിയമത്തിൽ രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണിത്'; സിനഡിന്റെ ലൗ ജിഹാദ് സർക്കുലറിന് എതിരെ അതിരൂപത മുഖപത്രം

കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിറോ മലബാർ സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. സഭാനിലപാട് മതസൗഹാർദ്ദം തകർക്കുമെന്നും ലൗ ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു. ലവ് ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ജന്മഭൂമി പത്രത്തിൽ വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മുഖപത്രം വിമർശിക്കുന്നു.

“ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സർക്കുലർ. പൗരത്വ നിയമത്തിൽ രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്. ലൗ ജിഹാദിന് തെളിവില്ലെന്ന് സർക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. പൗരത്വ നിയമ ഭേദഗതിയിൽ സഭയുടെ നിലപാട് എന്താണ് വ്യക്തമാക്കിയിട്ടില്ല. കെസിബിസി കേന്ദ്ര സർക്കാരിനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.

Read more

കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കേരളത്തിൽ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേര്‍ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നായിരുന്നു സിനഡിന്‍റെ വിലയിരുത്തല്‍ . പൊലീസ്  കൃത്യമായ നടപടികളെടുക്കുന്നില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഈ സര്‍ക്കുലറിനെതിരെയാണ് എറണാകുളം-അങ്കമാലി അതിരൂപത  രംഗത്തെത്തിയത്.