ഓര്‍ഗനൈസറില്‍ ക്രൈസ്തവ സഭകളുടെ സ്വത്തിനെ കുറിച്ച് വന്ന ലേഖനം അവാസ്തവം; തിരിച്ചറിഞ്ഞ ഉടന്‍ പിന്‍വലിച്ചു; വിശദീകരണവുമായ രാജീവ് ചന്ദ്രശേഖര്‍

ആര്‍എസ്എസ് മുഖമാസികയായ ഓര്‍ഗനൈസറില്‍ ക്രൈസ്തവ സഭകളുടെ സ്വത്തിനെ കുറിച്ച് വന്ന ലേഖനം പിന്‍വലിച്ചത് അവാസ്തവമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

ഭാരതത്തില്‍ സ്ഥലം കൈവശമുള്ളത് ഒരു കുറ്റമല്ല. റെയില്‍വേ, സേന, പ്‌ളാന്‍േറഷനുകള്‍ അടക്കം നിരവധി വലിയ സ്ഥലം കൈവശമുള്ളവരുണ്ട്. പക്ഷേ, കര്‍ണാടകയില്‍ കോണ്‍ഗ്രസും, വഖഫും ചെയ്തത് പോലെ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ്. കോണ്‍ഗ്രസ് ചെയ്യുന്നത് പോലെ ജനങ്ങളെ വഞ്ചിക്കുന്നതും, നുണകള്‍ പരത്തുന്നതും, വര്‍ഗ്ഗീയ വിഷം പടര്‍ത്തുന്നതും തെറ്റാണ്.

അതാണ് വ്യത്യാസം. കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ഒരു പോലെ എല്ലാവര്‍ക്കും വേണ്ടിയുള്ള എല്ലാവര്‍ക്കും ഒപ്പമുള്ള ഒരു പുതിയ രാഷ്ട്രീയമാണ് വേണ്ടത്. നുണകളുടെയും പാഴ് വാഗ്ദാനങ്ങളുടെയുമല്ല, തുല്യ നീതിയുടെയും തുല്യ അവസരങ്ങളുടെയും രാഷ്ട്രീയമാണ് വേണ്ടത്.

ഒരേ സമയം ഭരണഘടന ഉയര്‍ത്തിക്കാട്ടുകയും അതേ സമയം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയോട് എനിക്ക് പറയാനുള്ളത് – ഭരണഘടനയെ തങ്ങളുടെ നുണകള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിന് മുമ്പ്, അത് വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്നും അദേഹം പറഞ്ഞു.

സ്വത്തവകാശമുള്‍പ്പെടെ ഓരോ ഭാരതീയന്റെയും സമസ്ത അവകാശങ്ങളും പരിരക്ഷിക്കുന്ന പവിത്ര ഗ്രന്ഥമാണ് നമ്മുടെ ഭരണഘടന. തങ്ങളുടെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ട് വന്ന വഖഫ് നിയമങ്ങളും മുന്‍കാല ഭേദഗതികളും പൗരാവാകാശത്തെ ചവിട്ടി മെതിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമാക്കിയ വഖഫ് ഭേദഗതി നിയമം സ്വത്തവകാശം ഉള്‍പ്പെടുയുള്ള ജനങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും പാവപ്പെട്ട മുസ്ലീം സഹോദരങ്ങള്‍ക്ക് വഖഫ് സ്വത്തുക്കള്‍ ഉപയോഗമാകാനും വഴിയൊരുക്കുന്നു.

ഭരണഘടനയെക്കുറിച്ചുള്ള വഖഫ് ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് എംപിമാര്‍ ഉയര്‍ത്തിയ വാദഗതികളെല്ലാം തന്നെ പച്ചക്കള്ളമായിരുന്നു. ആര്‍ട്ടിക്കിള്‍ 25, 13, 14 എന്നിവയെല്ലാം ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുകയാണ് എന്നതുള്‍പ്പെടെ അവര്‍ പറഞ്ഞതെല്ലാം നുണകള്‍ക്കു മേല്‍ നുണകള്‍ മാത്രം.

Read more

എംപിമാരെന്ന പാര്‍ലമെന്ററി പദവിയുടെ സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ അവര്‍ പരത്തുന്ന നുണകള്‍ക്കും വര്‍ഗ്ഗീയ വിദ്വേഷത്തിനും കേസെടുത്ത് നിയമ നടപടി എടുക്കേണ്ട സാഹചര്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.