എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് സി.പി.എം പ്രാദേശിക നേതൃത്വം. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ലെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി വി.ജെ വര്‍ഗീസ് പറഞ്ഞു. കേസില്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന് ആരോപണം അദ്ദേഹം തള്ളി. എം.എല്‍.എ പിവി ശ്രീനിജനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്ന് വി.ജെ വര്‍ഗീസ് ആരോപിച്ചു.
ട്വന്റി 20 വാര്‍ഡ് മെമ്പറുടെ മൊഴി മാത്രം കേട്ടാണ് പൊലീസ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ദീപുവുമായി സംഘര്‍ഷം ഉണ്ടായിട്ടില്ല. പ്രതി ചേര്‍ത്തവര്‍ക്ക് വേണ്ട നിയമ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദീപു മരിച്ച സംഭവത്തില്‍ അറസ്റ്റിലായിരുന്ന നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിരുന്നു. കിഴക്കമ്പലം സ്വദേശികളായ പറാട്ടുവീട് സൈനുദീന്‍ സലാം, പറാട്ടു ബിയാട്ടു വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍, നെടുങ്ങാടന്‍ വീട്ടില്‍ ബഷീര്‍, അസീസ് വലിയപറമ്പില്‍ എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്തത്.
അതേസമയം ദീപുവിന്റ മരണം ആസൂത്രിത കൊലപാതകമാണെന്നായിരുന്നു ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ആരോപണം. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നും, ശ്രീനിജന്‍ എം.എല്‍.എ ആയ ശേഷം ട്വന്റി 20 പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊലപാതകം നടത്തിയവര്‍ നിരന്തരമായി എം.എല്‍.യുമായി ബന്ധപ്പെട്ടിരുന്നു. കേസില്‍ ഒന്നാം പ്രതിയായി ചേര്‍ക്കേണ്ടത് എംഎല്‍എയെയാണ് എന്നും സാബു പറഞ്ഞു.
Read more
ശനിയാഴ്ചയാണ് കിഴക്കമ്പലത്ത് വച്ച് ദീപുവിന് മര്‍ദ്ദനമേറ്റത്. സ്ട്രീറ്റ് ലൈറ്റ് പദ്ധതി വിഷയത്തില്‍ എം.എല്‍.എ ശ്രീനിജന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ച് ട്വന്റി 20 വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനിടെയാണ് ആക്രമണം ഉണ്ടായത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെയാണ് ദീപു മരിച്ചത്.