ഉരുള്‍പൊട്ടല്‍ സാദ്ധ്യതയില്ലാത്ത പ്രദേശത്താണ് ദുരന്തമുണ്ടായത്: മന്ത്രി റോഷി അഗസ്റ്റിന്‍

തൊടുപുഴ കുടയത്തൂരിലെ ദുരന്തം ഉരുള്‍പൊട്ടല്‍ സാദ്ധ്യതയില്ലാത്ത പ്രദേശത്താണ് ഉണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുമെന്ന് പറഞ്ഞ മന്ത്രി ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയി. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് ഇവര്‍ മണ്ണിനടിയില്‍ പെട്ടു. ഇതില്‍ തങ്കമ്മയുടെയും ആദിദേവിന്റെയും മൃതദേഹമാണ് കണ്ടെടുത്തത്.

മണ്ണിനടയില്‍പ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. പുലര്‍ച്ചെ നാല് മണിയോടെ ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മഴ ശമിച്ചിട്ടുണ്ട്.

കാണാതായവര്‍ക്കായി പ്രത്യേക സംഘം തിരച്ചില്‍ നടത്തുമെന്ന് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് അറിയിച്ചു. മനുഷ്യരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിക്കുമെന്നും വി.യു. കുര്യാക്കോസ് പറഞ്ഞു.

Read more

സംസ്ഥാനത്തെ മലയോര മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. കോട്ടയം മുതല്‍ കാസര്‍കോട് വരെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.