എല്ലാം മാധ്യമ സൃഷ്ടി, വികാരാധീനനായി കെ സുധാകരന്‍; കെപിസിസി നേതൃമാറ്റം ചര്‍ച്ച ചെയ്യാതെ ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ച അവസാനിച്ചു

കെപിസിസി നേതൃമാറ്റം ചര്‍ച്ച ചെയ്യാതെ ഡല്‍ഹിയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ച അവസാനിച്ചു. ഐക്യത്തിന്റെ സന്ദേശമാണ് ഇന്നത്തെ യോഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ യോഗത്തിന് ശേഷം പറഞ്ഞു.

യോഗത്തില്‍ നേതാക്കളുടെ പരസ്യപ്രതികരണങ്ങള്‍ വിലക്കിയിട്ടുണ്ട്. മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഹൈക്കമാന്‍ഡ് പൂര്‍ണ നിരീക്ഷണം നടത്തുമെന്നും യോഗത്തില്‍ നേതൃത്വം വ്യക്തമാക്കി.പാര്‍ട്ടിയുടെ കൂടെ നില്‍ക്കുമെന്ന് ശശി തരൂര്‍ യോഗത്തില്‍ അറിയിച്ചു.

കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയായില്ല. നേതൃമാറ്റം ചര്‍ച്ചയായില്ല. കെ സുധാകരന്‍ തന്നെ കെപിസിസി അധ്യക്ഷനായി തല്‍ക്കാലം തുടരും. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. കേരളത്തിലെ ജനം മാറ്റം ആഗ്രഹിക്കുന്നുവെന്ന് ദീപദാസ് മുന്‍ഷി പറഞ്ഞു.

അതേസമയം യോഗത്തില്‍ വികാരാധീനനായാണ് കെ സുധാകരന്‍ സംസാരിച്ചത്. തനിക്കും വിഡി സതീശനും ഇടയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ യോഗത്തില്‍ പറഞ്ഞു. എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. നേതൃതലത്തില്‍ തന്നെ ഒറ്റപ്പെടുത്താന്‍ നീക്കം നടന്നുവെന്നും താന്‍ ദുര്‍ബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ലെന്നും സുധാകരന്‍ തുറന്നടിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണത്തെ ശരിവെയ്ക്കും വിധം ചില നേതാക്കള്‍ മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്തിയെന്നും സുധാകരന്‍ പറഞ്ഞു.പാര്‍ട്ടി ഐക്യം തകര്‍ക്കും വിധം ഒരു പ്രസ്താവനയോ നീക്കമോ തന്നില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലും പ്രിയങ്കയും പങ്കെടുക്കുന്ന വാര്‍ഡ് പ്രസിഡന്റുമാരുടെ യോഗം വിളിക്കും. കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടെന്നത് മാധ്യമ പ്രചാരണം മാത്രമെന്ന് ദീപദാസ് മുന്‍ഷി വ്യക്തമാക്കി. കേരളത്തില്‍ ഭരണമാറ്റം അനിവാര്യമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തില്‍ പറഞ്ഞു. യുഡിഎഫി നെ അധികാരത്തില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. അടിച്ചമര്‍ത്തുന്നവരെയും വര്‍ഗീയ മുന്നണകളെയും ജനങ്ങള്‍ പരാജയപ്പെടുത്തും. യോഗത്തില്‍ രാഷ്ട്രീയ തന്ത്രങ്ങളും സംസ്ഥാനത്തിന്റെ ഭാവിയും ചര്‍ച്ച ചെയ്തു.

Read more