പെണ്‍കുട്ടിയെ ശല്യം ചെയതത് ചോദ്യം ചെയ്തു, സഹപാഠിക്ക് നടുറോഡില്‍ കുത്തേറ്റു

തൃശൂര്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹപാഠിക്ക് നേരെ ആക്രമണം. ചേലൂര്‍ സ്വദേശിയായ ടെല്‍സണ് കുത്തേറ്റു. സംഭവത്തില്‍ കാറളം സ്വദേശി സാഹിര്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ജ്യോതീസ് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായാണ് സംഘം ടെല്‍സണെ ആക്രമിച്ചത്. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും, കൈയില്‍ കരുതിയ കത്തിയെടുത്ത് സാഹിര്‍ കുത്തുകയുമായിരുന്നു.

ആക്രമണത്തിന് ശേഷം ബൈക്കില്‍ കടന്നുകളയാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായി. ഇതോടെ നാട്ടുകാര്‍ കൂടി ഇരുവരേയും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Read more

പരിക്കേറ്റ ടെല്‍സണെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.