സര്‍ക്കാര്‍ ചോദ്യങ്ങളെ ഭയക്കുന്നു; സംവാദ പാനലില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങള്‍ മൂലം: ജോസഫ് സി. മാത്യു

സര്‍ക്കാര്‍ രാഷ്ട്രീയ ചോദ്യങ്ങളെ ഭയക്കുന്നുവെന്ന് ജോസഫ് സി മാത്യു. സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ചുള്ള സംവാദ പാനലില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ഒഴിവാക്കിയത് എതിര്‍ ചോദ്യങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നത് കൊണ്ടാണ്. ഈ നയങ്ങള്‍ സിപിഎമ്മിന്റെയോ, ഇടതുപക്ഷത്തിന്റെയോ അല്ലെന്നും ജോസഫ് സി മാത്യു പറഞ്ഞു.

ചോദ്യം ചോദിക്കു കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയാലും ആ ചോദ്യങ്ങള്‍ അവിടെ തന്നെ നില്‍ക്കും. ചീഫ് സെക്രട്ടറി രേഖാമൂലമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. സംവാദത്തില്‍ പങ്കെടുക്കാന്‍ താന്‍ സദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ചര്‍ച്ചയില്‍ നിന്ന്് ഒഴിവാക്കിയെങ്കില്‍ അത്
വിളിച്ച് പറയാനുള്ള മര്യാദ കാണിക്കണമായിരുന്നു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് തനിക്ക് പരാതിയുണ്ടെന്നും ജോസഫ് സി.മാത്യു പറഞ്ഞു.

സംവാദത്തില്‍ ജോസഫ് സി മാത്യുവിന് പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി ജി മേനോന്‍, എന്നിവരും സില്‍വര്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കും.

ഡിജിറ്റല്‍ സര്‍വ്വകലാശാല വി സി സജി ഗോപിനാഥിന് പകരം ഡോ കുഞ്ചെറിയ ഐസകാണ് സംവാദത്തില്‍ പങ്കെടുക്കുക. വി സി സജി ഗോപിനാഥ് സ്ഥലത്തില്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സംവാദത്തില്‍ നിന്ന് മാറ്റിയത്. മോഹന്‍ മേനോനാണ് സംവാദത്തിന്റെ മോഡറേറ്റര്‍. പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംവാദം നടത്തുന്നത്. ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍ വെച്ചാണ് പരിപാടി.