റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം; നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി

റാഗിംഗ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. റാഗിംഗ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. റാഗിംഗ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും കോടതി അറിയിച്ചു.

റാഗിംഗ് സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്തു. റാഗിംഗ് വിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ പഠനം നടത്തണമെന്ന് ഹൈക്കോടതി അറിയിച്ചു.

Read more

ഇതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണം. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തികൊണ്ടായിരിക്കണം വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കേണ്ടത്. സംസ്ഥാന – ജില്ലാ തല റാഗിംഗ് വിരുദ്ധ സമിതി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. റാഗിംഗ് വിരുദ്ധ സമിതികളെ സംബന്ധിച്ച് ചട്ടങ്ങളില്‍ നിര്‍വ്വചിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.