സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. വ്യാപക വിമർശനങ്ങൾ കണക്കിലെടുത്ത് രണ്ടാം ഘട്ടം പരിഷ്കരിക്കാനാണ് തീരുമാനം. ഇതിനായി പഠനം നടത്താൻ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ ചെയര്‍മാനായാണ് ആറംഗ വിദഗ്ദസമിതി സർക്കാർ നിയോഗിച്ചിരിക്കുകയാണ്.
പദ്ധതിക്കെതിരെ ഉയർന്ന വിമർശനങ്ങൾ പഠിച്ച് കൂടുതൽ ഗുണപ്രദമായി എങ്ങിനെ നടപ്പാക്കാം എന്ന സമിതി നിർദേശിക്കും. പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിച്ച് ജീവനക്കാരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുകയാണ് സര്‍ക്കാർ ലക്ഷ്യം. ഗുരുതര രോഗങ്ങള്‍ക്ക് പോലും കവറേജ് കിട്ടുന്നില്ല, കാഷ്ലെസ് ചികില്‍സ ഫലപ്രദമായി നടക്കുന്നില്ല, ചികില്‍സാ തുക ക്ലെയിം ചെയ്താലും മുഴുവന്‍ ലഭിക്കുന്നില്ല, പട്ടികയിലുണ്ടായിരുന്ന സ്വകാര്യ ആശുപത്രികളില്‍ ഇനി പദ്ധതിയുടെ ഭാഗമായുള്ളത് വിരലിലെണ്ണാവുന്നവ മാത്രം ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരാതികളാണ് മെഡിസെപിലുള്ളത്.
പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായി മെഡിസെപ്പ് കൊണ്ടു വരുന്നത് 2022 ജൂലൈ ഒന്നിനാണ്. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങൾ എന്നിവരടക്കം 30ലക്ഷം പേര്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സ എന്നതായിരുന്ന വാഗാദാനം. ദ്ധതിയില്‍ അംഗങ്ങളായുള്ളവരുടെ ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ 500 രൂപ പ്രീമിയമായി സ്വീകരിച്ച് ഒരു കുടുംബത്തിന് പരമാവധി 3 ലക്ഷം രൂപവരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് മെഡിസെപ്പിലൂടെ നല്‍കിവന്നിരുന്നത്. ഒന്നര ലക്ഷം രൂപ ഒരുവര്‍ഷത്തേക്ക് എന്ന കണക്കിലാണിത് നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍,എയ്ഡഡ് സ്‌കൂളുകളിലേത് ഉള്‍പ്പടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍,സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍,പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍, അവരുടെ ആശ്രിതര്‍, എന്നിവര്‍ക്ക് പുറമെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കൂടി ഗുണഭോക്താക്കളായി മെഡിസെപ്പില്‍ ഉള്‍പ്പെടും.
ആദ്യ ഒരു വർഷം പദ്ധതി മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോയെങ്കിലും പിന്നീട് സര്‍ക്കാർ നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളുടെ പെരുമഴയായിരുന്നു. പാക്കേജുകളുടെ പേരില് ചൂഷണം, ആനുകൂല്യങ്ങളുടെ മൂന്നിലൊന്ന് പോലും ലഭിക്കുന്നില്ല, ഒന്നിലധികം അസുഖങ്ങള്‍ക്ക് ഒരേ സമയം ചികിത്സ ലഭിക്കുന്നില്ല എന്നിങ്ങനെ പരാതികൾ നീണ്ടു. മറുവശത്ത് സ്പെഷ്യാലിറ്റി ആശുപത്രികളും പരാതിക്കെട്ടഴിച്ചു. പല ചികിത്സകൾക്കും സര്‍ക്കാർ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നായിരുന്നു ഇവരുടെ പ്രധാന പരാതി.
Read more
പദ്ധതി ഒരു വർഷം പിന്നിട്ടപ്പോഴേക്കും പല വന്‍കിട ആശുപത്രികളും പിന്‍മാറിയത് സര്‍ക്കാരിന് തിരിച്ചടിയായി. ഇതിനിടെ വന്‍നഷ്ടമാണെന്നും പ്രീമിയം തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇനന്‍ഷുറൻസ് കമ്പനിയും രംഗത്ത് വന്നതോടെ പദ്ധതിതാളം തെറ്റി. അടുത്ത ജൂണ്‍30ന് ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ അവസാനിക്കും. ഈ സാഹചര്യത്തിലാണ് മൊത്തം പൊളിച്ചു പണിഞ്ഞ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനുള്ള തീരുമാനം.