2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകളുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനായുളള പ്രായപരിധി ഇളവ് പിൻവലിച്ച് മോദി സർക്കാർ. 2007 മുതൽ നിലവിലുണ്ടായിരുന്ന പ്രായപരിധി ഇളവാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. എന്തുകൊണ്ടാണ് ഉത്തരവ് പിൻവലിച്ചത് എന്നത് സംബന്ധിച്ച് കൃത്യമായ വിശദീകരണം കേന്ദ്രം നൽകിയിട്ടില്ല.
‘2002ലെ ഗുജറാത്ത് കലാപത്തിൽ മരണപ്പെട്ടവരുടെ കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ജോലിക്ക് മുൻഗണന നൽകുന്നതുമായി ബന്ധപ്പെട്ട 2007 മെയ് 14ലെ ഉത്തരവ് അസാധുവായിരിക്കും. ഇനിമുതൽ അർദ്ധസൈനിക സേനകളിലോ പൊലീസിലോ സർക്കാർ വകുപ്പുകളിലോ ജോലികൾക്ക് പ്രായപരിധിയിൽ ഇളവ് പോലുളള പ്രത്യേക പരിഗണന ഇവർക്ക് ലഭിക്കില്ല’ – എന്നാണ് മാർച്ച് 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നത്.
2007ൽ യുപിഎ സർക്കാരാണ് ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്കും ബന്ധുക്കൾക്കും നഷ്ടപരിഹാരത്തിനു പുറമേ കേന്ദ്രസർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് പ്രായപരിധി ഇളവുകൾ നൽകിയത്. 2014ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്റലിജൻസ് ബ്യൂറോയിലും സിഐഎസ്എഫിലുമുൾപ്പെടെ പ്രായപരിധി ഇളവ് നടപ്പാക്കിയിരുന്നു. കലാപത്തിൽ കൊല്ലപ്പെട്ടയാളുടെ മകൾ, മകൻ, സഹോദരി, സഹോദരൻ, ഭാര്യ, ഭർത്താവ് തുടങ്ങിയവർക്കാണ് പ്രായപരിധി ഇളവിന് അർഹതയുണ്ടായിരുന്നത്.