തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഗോപനെ സമാധിയിരുത്തിയെന്ന മക്കളുടെ വാദത്തിനെതിരെ ഹൈക്കോടതി. ഗോപന്റെ കല്ലറ തുറക്കുന്നത് പൊലീസ് അന്വേഷണത്തിന്റെ ഭാഗമാണെന്നും ഗോപന്റെ മരണം എങ്ങനെ ആണെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗോപന്റെ മക്കളും ഭാര്യയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
ഗോപന്റെ കല്ലറ തുറക്കണമെന്ന ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ ഭാര്യയും രണ്ട് ആണ്‍മക്കളും ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് സിഎസ് ഡയസിന്റെതാണ് വിധി. ഹര്‍ജി പരിഗണിച്ച കോടതി ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കുടുംബത്തോട് ചോദിച്ചു.
ഗോപന്റെ മരണം എങ്ങനെയെന്ന് കുടുംബത്തോട് ചോദിച്ച കോടതി മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും വ്യക്തമാക്കി. പൊലീസ് അന്വേഷണം തടയാനാവില്ലെന്നും കോടതി അറിയിച്ചു. ഗോപന്റെത് സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്നു വ്യക്തമാക്കിയ കോടതി മരണം എവിടെയാണു അംഗീകരിച്ചതെന്നും കുടുംബത്തോട് ചോദിച്ചു.
Read more
പൊലീസിന് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും അധികാരമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഹര്‍ജിയില്‍ ജില്ലാ കലക്ടര്‍ക്ക് നോട്ടിസ് അയച്ച കോടതി, കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.