പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയ സംഭവം; അപകടത്തില്‍ മരണം നാലായി, പ്രതിഷേധവുമായി നാട്ടുകാര്‍

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ലോറി പാഞ്ഞുകയറിയ അപകടത്തില്‍ മരണം നാലായി. കരിമ്പ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ദാരുണാന്ത്യം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

നാല് കുട്ടികളും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ലോറിയ്ക്ക് അടിയില്‍പ്പെട്ട മൃതദേഹങ്ങള്‍ അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. സിമന്റ് കയറ്റിവന്ന ലോറിയാണ് കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ലോറി ആദ്യം കാറുമായി കൂട്ടിയിടിക്കുകയും തുടര്‍ന്ന് കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

അഞ്ച് വിദ്യാര്‍ത്ഥിനികള്‍ നടന്നുപോകുമ്പോഴാണ് ലോറി പാഞ്ഞുകയറിയത്. ഇതില്‍ ഒരു കുട്ടി മതിലെടുത്ത് ചാടി രക്ഷപ്പെടുകയായിരുന്നു. അതേസമയം അശാസ്ത്രീയ റോഡ് നിര്‍മ്മാണമാണ് അപകട കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിക്കുകയാണ്.