വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ. സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള സമഗ്രതാ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം ലഭിച്ചതിന് പിന്നാലെയാണ് അമ്മ രംഗത്തെത്തിയത്. കോടതി വിധി വരും മുമ്പേ സർക്കാർ തിരക്കിട്ട് നടത്തുന്ന നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നു.
പ്രതികളെ രക്ഷിച്ചതിന് സ൪ക്കാരിന്റെ സമ്മാനമാണ് സോജന്റെ ഐപിഎസ് പദവി എന്നാണ് പെൺകുട്ടികളുടെ അമ്മ ആരോപിക്കുന്നത്. കേസ് അട്ടിമറിച്ച് മുഴുവൻ പ്രതികളെയും രക്ഷിച്ചെടുത്തയാളാണ് സോജൻ. ഇതിനുള്ള സമ്മാനമാണ് ഐപിഎസ് പദവി. സോജൻ പ്രതിസ്ഥാനത്ത് നിൽക്കേ തിടുക്കപ്പെട്ട് എന്തിന് ഐപിഎസ് നൽകുന്നുവെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു. വേട്ടക്കാർക്കൊപ്പമാണ് ഞങ്ങളെന്ന് സർക്കാർ വീണ്ടും തെളിയിക്കുകയാണ്. ഇരകളെയും കോടതിയെയും സർക്കാർ വെല്ലുവിളിക്കുകയാണെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിക്കുന്നു.
നേരത്തെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് ഐപിഎസ് നൽകുന്നതുമായി ബന്ധപ്പെട്ട് അമ്മയുടെ അഭിപ്രായം തേടണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പെൺകുട്ടികളുടെ അമ്മ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സന്ദർശിച്ചിരുന്നു. സോജന് ഐപിഎസ് നൽകിയാൽ കോടതിയെ സമീപിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത് ആഭ്യന്തരവകുപ്പിനെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
2017ൽ നടന്ന വാളയാർ കേസിൽ അന്വേഷണ ചുമതലയുണ്ടായിരുന്ന എംജെ സോജൻ പ്രതികളെ രക്ഷപ്പെടാൻ പഴുതുകളുണ്ടാക്കി എന്ന് ആരോപണമുയർന്നു. ഈ വിഷയമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും അന്നത്തെ ഡിവൈഎസ്പി ആയിരുന്ന സോജൻ പറഞ്ഞിരുന്നു.
പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞിരുന്നത് ഏറെ വിവാദമായിരുന്നു. 11 ഉം 9 ഉം വയസുള്ള പെൺകുട്ടികളെ കുറിച്ച് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ മാധ്യമങ്ങളിൽ പറയുകയും കേസ് അട്ടിമറിച്ചുവെന്നതടക്കമുള്ള ആരോപങ്ങൾ നേരിടുകയും ചെയ്യുന്ന സോജനാണ് ഐപിഎസ് പദവി നൽകാൻ സർക്കാർ തിടുക്കം കാട്ടുന്നത്.
2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4 ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് 2019 നവംബര്‍ 19ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി. 2020 നവംബർ 4 മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു.
2021 ജനുവരി ന് പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിടുകയും ചെയ്തു. കേസ് ഏറ്റെടുത്ത സിബിഐ 2021 ഏപ്രിൽ ഒന്ന് പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. 2021 ഡിസംബർ 27 ന് വാളയാർ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലിൽ സിബിഐ കുറ്റപത്രം 2022 ഓഗസ്റ്റ് 10 കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളുകയായിരുന്നു.
പിന്നാലെ തുടരന്വേഷണത്തിന് ഉത്തരവിട്ടുകയും ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗം തുരന്വേഷണം നടത്തണം എന്നായിരുന്നു ഉത്തരവ്. ലോക്കൽ പൊലീസിനെ പോലെ സിബിഐയും കുട്ടികളുടേത് ആത്മഹത്യ എന്ന് പറഞ്ഞപ്പോഴാണ് തുടരന്വേഷണത്തിന് നിർദേശിച്ചത്.