വടകരയിലെ എൽഡിഎഫ് സ്‌ഥാനാർത്ഥി കെ.കെ.ശൈലജക്കെതിരായ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമെന്ന് കണ്ടെത്തൽ. മുസ്‌ലിം മതാചാര്യനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പരാമർശം നടത്തിയെന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ലെറ്റർ പാഡ് ഉപയോഗിച്ച് തനിക്കെതിരേ അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് കെ.കെ ശൈലജ രംഗത്തെത്തിയത്. ലെറ്റർ പാഡിൽ ഇത് ടീച്ചറമ്മയല്ല, ബോംബ് അമ്മ എന്ന പേരിലാണ് പ്രചരിപ്പിച്ചതെന്നും കെ.കെ. ഷൈലജ ആരോപിച്ചിരുന്നു. എന്നാൽ പൂർണ്ണമായും വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എതിർ കക്ഷികളുടെ കുപ്രചാരണമായേ ഇതിനെ കാണാൻ കഴിയു.
‘വടകരയിലെ സിപിഎം സ്‌ഥാനാർഥിയെ ടീച്ചറമ്മ എന്നല്ല ബോംബമ്മ എന്നാണ് വിളിക്കേണ്ടത്. ശൈലജയുടെയും സിപിഎം നേതാക്കളുടെയും അറിവോടെയാണ് വടകരയിൽ എതിർ സ്ഥാനാർഥിയെ കൊല്ലാൻ വേണ്ടി ബോംബ് നിർമിച്ചത് …കാന്തപുരം അബൂബക്കർ മുസ്‌ലിയാർ’ എന്ന വാചകങ്ങളും കാന്തപുരം അബൂബക്കർ മുസലിയാരുടെ ചിത്രവും ചേർത്ത പോസ്‌റ്ററാണ് പ്രചരിപ്പിക്കുന്നത്.
Read more
കാന്തപുരം അബുബക്കർ മുസലിയാരുടെ പേരിൽ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് മർക്കസ് പബ്ലിക് റിലേഷൻസ് ജോയൻ്റ് ഡയറക്റ്റർ ഷമീം കെകെ പറഞ്ഞു. ഇത്തവണ ലോക്സഭാ തിരെഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ കാന്തപുരം അബുബക്കർ മുസ്ലിയാരുടെ പേരിൽ നിരവധി വ്യാജ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2024 ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇതുവരെ പരസ്യ പ്രതികരണമൊന്നും തന്നെ നടത്തിയിട്ടില്ല.