കുസാറ്റ് ദുരന്തത്തിലെ സംഘാടന വീഴ്ച സമ്മതിച്ച് കൊച്ചി സര്‍വകലാശാല വൈസ് ചാൻസിലർ പിജി ശങ്കരൻ. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതിൽ പാളിച്ച സംഭവിച്ചു. പരിപാടിക്കായി രേഖാമൂലം പൊലീസിനെ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ പൊലീസില്‍ അറിയിച്ചിരുന്നുവെന്നും വിസി പിജി ശങ്കരൻ മാധ്യമങ്ങളോട് പറഞ്ഞു.
പരിപാടി തുടങ്ങാന്‍ വൈകിയതും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ വൈകിയതും പാളിച്ചയായി കണ്ടെത്തിയെന്ന് വിസി പറഞ്ഞു. ഓഡിറ്റോറിയത്തിലേക്ക് കുത്തനെയുള്ള പടികളും അപകടത്തിന് കാരണമായിട്ടുണ്ട്. പരിപാടി തുടങ്ങിയെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ കൂട്ടത്തോടെ കയറി. അധ്യാപകരടക്കം സ്ഥലത്തുണ്ടായിരുന്നെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
അതേസമയം കുസാറ്റില്‍ സംഗീതനിശയ്ക്ക് പൊലീസ് അനുമതി തേടിയിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എ അക്ബര്‍ പറഞ്ഞു. അനുമതി തേടി പൊലീസിന് കത്ത് ലഭിച്ചിട്ടില്ല. ക്യാംപസിനകത്ത് അനുമതിയില്ലാതെ പൊലീസ് കയറാറില്ലെന്നും ഇത്തരം പരിപാടികള്‍ ഇവിടെ നടക്കാറുണ്ടെന്നും ഡിസിപി കെ സുദര്‍ശനും പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കു പുറമെ പുറത്തു നിന്നുള്ള കാണികളും തിക്കിക്കയറിയാതാണ് ദുരന്തത്തിന് കാരണമെന്ന് കുസാറ്റ് സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ബേബി പറഞ്ഞു. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ നടത്തുന്ന പരിപാടി എല്ലാവര്‍ഷവും നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റിൽ പരിപാടി കാണാൻ പുറത്തുനിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടകാരണമെന്നാണ് വിസി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്.
പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചു. പ്രോഗ്രാം തുടങ്ങാറായപ്പോൾ മഴ ചാറി തുടങ്ങുകയും എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയും ചെയ്തു.
Read more
അപ്പോൾ സ്റ്റെപ്പിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ വീഴുകയും മറ്റുള്ളവർ അവരുടെ മീതെ വീഴുകയും ചെയ്തു. ഈ വീഴ്ചയുടെ ഭാഗമായി കുട്ടികൾക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 3 പേർ കുസാറ്റ് വിദ്യാർഥികളാണ്. ഒരാൾ പുറത്ത് നിന്നുള്ള ആളാണ്. രണ്ടു വിദ്യാർഥികൾ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.