കൊലയ്ക്ക് പിന്നില്‍ വത്സന്‍ തില്ലങ്കേരിയെന്ന് എസ്ഡിപിഐ, ആരോപണം തള്ളി തില്ലങ്കേരി

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് വത്സന്‍ തില്ലങ്കേരി. കൊലയ്ക്ക് പിന്നില്‍ താനാണെന്ന് വരുത്തിതീര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇതിന് മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്സിനെതിരായ എസ്ഡിപിഐയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ ഭീകരതക്കെതിരായ പ്രചരണ പരിപാടി നടത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പോയത്. അതിനെ അനാവശ്യമായി വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്ന് വത്സന്‍ തില്ലങ്കേരി ആരോപിച്ചു. ഭീകരവാദികളുമായി ബന്ധപ്പെട്ട കേസില്‍ കേരളാ പൊലീസ് ഉരുണ്ടുകളിക്കുകയാണ്. അതിനാല്‍ കേന്ദ്ര അന്വേഷണം വേണമെന്ന് പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സമയത്ത് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ വത്സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരുന്നു. തില്ലങ്കേരി കലാപത്തിന് ആഹ്വാനം ചെയ്തിരുന്നുവെന്നാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞത്. വത്സന്‍ തില്ലങ്കേരിയാണ് ജില്ലയില്‍ തങ്ങി കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാനത്തെ ആഭ്യന്തരവകുപ്പും ആര്‍എസ്എസും പരസ്പര ധാരണയിലാണ് മുന്നോട്ട് പോകുന്നതെന്നായിരുന്നു എസ്ഡിപിഐ ആരോപണം. രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിന് ശേഷവും ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂടി വരികയാണ്. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തിലാണ് കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് അഷ്റഫ് മൗലവി കുറ്റപ്പെടുത്തിയിരുന്നു.