കട്ടിപ്പാറയിലെ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ റിപ്പോർട്ട് നൽകി വിദ്യാഭ്യാസ വകുപ്പ്. കോർപ്പറേറ്റ് മാനേജ്മെന്റിന് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിനെതിരെയുള്ള റിപ്പോർട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.
വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗത്തുനിന്നാണ് വീഴ്‌ചപറ്റിയത് എന്നായിരുന്നു മാനേജ്മെന്റ് ആരോപിച്ചിരുന്നത്. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ല എന്നുമായിരുന്നു മാനേജ്‌മെൻ്റിൻ്റെ വാദം. എന്നാൽ മാനേജ്മെന്റിന്റെ്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മാനേജ്‌മെൻ്റ് ശരിയായ നടപടി സ്വീകരിച്ചാൽ മാത്രമേ സർക്കാരിന് സ്ഥിര നിയമനം നൽകാനാകുവെന്നും അലീനയുടെ പിതാവ് ബെന്നി പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് കോഴിക്കോട് എയ്ഡഡ് സ്‌കൂള്‍ അധ്യാപികയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധ്യാപികയാണ് അലീന.
വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് അലീനയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അലീന താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍പി സ്‌കൂളിലാണ് ജോലി നോക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലായിരുന്നു അലീന ജോലി നോക്കിയിരുന്നത്. ആറുവര്‍ഷം മുന്‍പ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജുമെന്റിന് നല്‍കിയതായി കുടുംബം ആരോപിക്കുന്നു. സ്‌കൂള്‍ മാറ്റ സമയത്ത് ശമ്പളം വേണ്ടെന്ന് മാനേജ്‌മെന്റ് എഴുതി വാങ്ങിയെന്നും സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വേതനത്തില്‍ നിന്ന് പിരിച്ചെടുത്ത പണമാണ് അലീനയ്ക്ക് നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.