വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

എറണാകുളത്ത് വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാര്‍ച്ച് 10ന് എആര്‍ ക്യാംപില്‍ നടന്ന സംഭവത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എആര്‍ ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ്വ് സബ്ഇന്‍സ്പെക്ടര്‍ സിവി സജീവിനെതിരെയാണ് അന്വേഷണ റിപ്പോര്‍ട്ട്. ക്ലാവ് പിടിച്ച വെടിയുണ്ട വൃത്തിയാക്കാന്‍ ചട്ടിയിലിട്ട് ചൂടാക്കിയതോടെയായിരുന്നു സ്‌ഫോടനമുണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ച്ച് 10ന് എആര്‍ ക്യാമ്പിലായിരുന്നു വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയതിന് പിന്നാലെ പൊട്ടിത്തെറിച്ചത്.

ഇടപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സംസ്‌കാര ചടങ്ങള്‍ക്ക് ആകാശത്തേക്കു വെടിവയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വെടിയുണ്ട ക്ലാവ് പിടിച്ചതായി കണ്ടെത്തി. ബ്ലാങ്ക് അമ്യൂണിഷന്‍ ക്ലാവ് പിടിച്ചാല്‍ വെയിലത്ത് ചൂടാക്കി ഉപയോഗിക്കുന്നത് സാധാരണയാണ്. എന്നാല്‍ വെയിലത്ത് വയ്ക്കുന്നതിന് പകരമാണ് വെടിയുണ്ടകള്‍ അടുക്കളയില്‍ ചട്ടിയിലിട്ട് ചൂടാക്കിയത്. പിന്നാലെ വെടിയുണ്ടകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.